ജിദ്ദ– സൗദി അറേബ്യയിൽ റോഡുകളിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നത് തടയാൻ കർശന നിയമനടപടികളുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി വാട്ടർ അതോറിറ്റിയും രംഗത്തെത്തി. സ്വന്തം കെട്ടിടത്തിന്റെയോ പുരയിടത്തിന്റെയോ അതിരുകൾക്കപ്പുറം റോഡിലേക്ക് വെള്ളം ഒഴുക്കി വിടുന്നത് ഗുരുതരമായ നിയമലംഘനമായാണ് അധികൃതർ കണക്കാക്കുന്നത്. ഇത്തരത്തിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നവർക്ക് 3,000 റിയാൽ വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. നഗരസഭാ നിയമപ്രകാരം റോഡിലെ വെള്ളക്കെട്ടുകൾ നഗരത്തിന്റെ ദൃശ്യഭംഗി നശിപ്പിക്കുന്നതായും പൊതുസുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജലനിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം പൈപ്പ്‌ലൈനുകളിലെ പൊട്ടലോ ചോർച്ചയോ മൂലം വെള്ളം പുറത്തേക്ക് വരുന്നത് പരിഹരിക്കേണ്ട ഉത്തരവാദിത്തം സൗദി ജല അതോറിറ്റിക്കാണ്. അതേസമയം, നഗര പരിസ്ഥിതിയെയും സുരക്ഷയെയും ബാധിക്കുന്ന രീതിയിൽ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് നിരീക്ഷിക്കുന്നത് നഗരസഭാ, ഭവനകാര്യ മന്ത്രാലയത്തിന്റെ ചുമതലയിൽ വരുന്നു. പൈപ്പ്‌ലൈനുകളിലെ തകരാറുകൾ വേഗത്തിൽ പരിഹരിക്കാനും പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സംയോജിത നിരീക്ഷണ സംവിധാനമാണ് ഇതിനായി മന്ത്രാലയങ്ങൾ രൂപീകരിച്ചിരിക്കുന്നത്.
റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിരന്തരമായ പരിശോധനകളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്നത്. ജലനഷ്ടം കുറയ്ക്കാനും റോഡുകൾക്കും മറ്റ് പൊതുസൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നത് തടയാനും ഈ കർശന നടപടികൾ സഹായിക്കും. വെള്ളക്കെട്ടുകൾ പ്രാണികൾ പെരുകാനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്നതിനാൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് വലിയ മുൻഗണനയാണ് നൽകുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ജലചോർച്ചയോ റോഡുകളിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കാൻ സൗദി ജല അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബലദീ ആപ്പിലെ ‘സ്‌നാപ്പ് ആൻഡ് സെൻഡ്’ സേവനം വഴിയോ ജല അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇത്തരം പരാതികൾ സമർപ്പിക്കാം. ജലസംരക്ഷണം ഒരു ദേശീയ ഉത്തരവാദിത്തമാണെന്നും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ നീക്കങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.



