- ഞങ്ങൾക്ക് കൊണ്ടുവരുന്നത് പുഴുവും മണലും നിറഞ്ഞ മൈദയാണ്, പുഴുക്കളും മണലും നിറഞ്ഞ മൈദ. ഞങ്ങൾ മൂന്നോ നാലോ തവണ അത് അരിച്ചെടുക്കുന്നുവെന്ന് വടക്കൻ ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട ഒമ്പത് കുട്ടികളുടെ പിതാവായ മുഹമ്മദ് അബൂആയിഷ് പറഞ്ഞു. ഞങ്ങൾക്ക് അത് കഴിക്കാൻ താൽപര്യമില്ല. പക്ഷേ, കുട്ടികൾക്കു വേണ്ടി ജീവൻ നിലനിർത്താൻ ഞങ്ങൾ അൽപസ്വൽപം കഴിക്കുന്നു. നിങ്ങൾക്ക് ആ മണം സഹിക്കാൻ കഴിയില്ല. മൃഗങ്ങൾ അത് കഴിക്കാൻ വിസമ്മതിക്കുന്നു. വിശപ്പ് സഹിക്കാൻ കഴിയാത്തതിനാൽ ഞങ്ങൾ അത് കഴിക്കാൻ നിർബന്ധിതരാകുന്നു- അബൂആയിശ് പറഞ്ഞു.
ഗാസ: ഗാസ മുനമ്പിലെ ഡസൻ കണക്കിന് ചാരിറ്റബിൾ അടുക്കളകൾ സാധനങ്ങളുടെ ക്ഷാമം കാരണം വ്യാഴാഴ്ച അടച്ചുപൂട്ടി. ലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡി വിച്ഛേദിക്കപ്പെട്ടു. ഇത് പ്രദേശത്ത് വർധിച്ചുവരുന്ന വിശപ്പിനെ ചെറുക്കാനുള്ള ശ്രമങ്ങൾക്ക് മറ്റൊരു തിരിച്ചടിയായി.
അത്യാവശ്യം വേണ്ട സൗജന്യ ഭക്ഷണം നൽകാനുള്ള സാധനങ്ങൾ തീർന്നുപോയെന്നും സഹായം എത്തിക്കുന്നത് ഇസ്രായിൽ തടഞ്ഞുവെന്നും അമേരിക്ക ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ വേൾഡ് സെൻട്രൽ കിച്ചൺ അറിയിച്ചു.
ഗാസയിൽ 170 ചാരിറ്റബിൾ കിച്ചനുകളാണുള്ളത്. ഇസ്രായിൽ ഉപരോധം തുടരുന്നതിനാൽ ഭക്ഷണസാധനങ്ങൾ തീർന്നുപോയതിനെ തുടർന്ന് അവയിൽ ഭൂരിഭാഗവും അടച്ചതായി ഗാസയിലെ ഫലസ്തീൻ എൻ.ജി.ഒ നെറ്റ്‌വർക്ക് ഡയറക്ടർ അംജദ് അൽശവാ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വേൾഡ് സെൻട്രൽ കിച്ചണിന്റെ തീരുമാനവും മറ്റു ചാരിറ്റി അടുക്കളകൾ അടച്ചുപൂട്ടിയതും ഗാസയിൽ 23 ലക്ഷം നിവാസികൾക്ക് പ്രതിദിനം നാലുലക്ഷം മുതൽ അഞ്ചു ലക്ഷം വരെ സൗജന്യ ഭക്ഷണം കുറക്കാൻ കാരണമാകും.
ഗാസയിൽ എല്ലാവരും കടുത്ത വിശപ്പ് അനുഭവിക്കുന്നു. ഗാസയിലെ ജനങ്ങളെ രക്ഷിക്കാൻ ലോകം ഇപ്പോൾ പ്രവർത്തിക്കണം. ശേഷിക്കുന്ന കമ്മ്യൂണിറ്റി അടുക്കളകളും ഉടൻ തന്നെ അടച്ചുപൂട്ടും. ഇതോടെ ആളുകൾക്ക് അവരുടെ ഏക ഭക്ഷണ സ്രോതസ്സ് നഷ്ടമാകുമെന്ന് അംജദ് അൽശവാ മുന്നറിയിപ്പ് നൽകി.
മിക്ക താമസക്കാരും പ്രതിദിനം ഒന്നര ഭക്ഷണമാണ് ആശ്രയിച്ചിരുന്നതെന്ന് അംജദ് അൽശവാ രണ്ടാഴ്ച മുമ്പ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ അത് ഒരു ദിവസം ഒരു ഭക്ഷണമായി കുറഞ്ഞു. ഇതുതന്നെ ഇറച്ചി, പച്ചക്കറികൾ, മറ്റ് ആരോഗ്യകരമായ അവശ്യ ചേരുവകൾ ഇല്ലാത്തതാണ്. സൗജന്യ ഭക്ഷണം കൂടുതലും ചോറോ പരിപ്പോ ആണ്. ഇത് ഏതു ദിവസവും നിൽക്കാനുള്ള സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ പ്രായമായവരും കുട്ടികളും ഗർഭിണികളും രോഗികളും പട്ടിണി മൂലം മരിച്ചുവീഴുന്നത് കാണേണ്ടിവരുമെന്ന് ഞാൻ ഭയപ്പെടുന്നുവെന്നും അംജദ് അൽശവാ പറഞ്ഞു.
വിപണിയിൽ ഇപ്പോഴും ലഭ്യമായ മൈദ മലിനമാണെന്ന് ഗാസ നിവാസികൾ പരാതിപ്പെടുന്നു. അവർ ഞങ്ങൾക്ക് കൊണ്ടുവരുന്നത് പുഴുവും മണലും നിറഞ്ഞ മൈദയാണ്, പുഴുക്കളും മണലും നിറഞ്ഞ മൈദ. ഞങ്ങൾ മൂന്നോ നാലോ തവണ അത് അരിച്ചെടുക്കുന്നുവെന്ന് വടക്കൻ ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട ഒമ്പത് കുട്ടികളുടെ പിതാവായ മുഹമ്മദ് അബൂആയിഷ് പറഞ്ഞു. ഞങ്ങൾക്ക് അത് കഴിക്കാൻ താൽപര്യമില്ല. പക്ഷേ, കുട്ടികൾക്കു വേണ്ടി ജീവൻ നിലനിർത്താൻ ഞങ്ങൾ അൽപസ്വൽപം കഴിക്കുന്നു. നിങ്ങൾക്ക് ആ മണം സഹിക്കാൻ കഴിയില്ല. മൃഗങ്ങൾ അത് കഴിക്കാൻ വിസമ്മതിക്കുന്നു. വിശപ്പ് സഹിക്കാൻ കഴിയാത്തതിനാൽ ഞങ്ങൾ അത് കഴിക്കാൻ നിർബന്ധിതരാകുന്നു- അബൂആയിശ് പറഞ്ഞു.
ഗാസയിലെ ഭൂരിഭാഗം നിവാസികളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായി യു.എൻ മാനുഷികകാര്യ ഏകോപന ഓഫീസ് പറഞ്ഞു. ജനസംഖ്യയിൽ ഭൂരിഭാഗത്തിനും താങ്ങാവുന്നതിലും അപ്പുറമായി വിലകൾ ഉയർന്നു. ദുർലഭമായി മാറിയ മൈദ 25 കിലോഗ്രാം പാക്കിന് മുമ്പ് ഏഴു ഡോളർ ആയിരുന്നത് ഇപ്പോൾ 500 ഡോളറിൽ എത്തിയിരിക്കുന്നു.
ഗാസയിലെ സ്ഥിതി സുസ്ഥിരമല്ലെന്നും അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും മിക്ക യൂറോപ്യൻ രാജ്യങ്ങളും സമ്മതിക്കുന്നുവെന്ന് പോളണ്ടിൽ നടന്ന യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ അനൗപചാരിക യോഗത്തിൽ യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഭീമമായ മാനുഷിക നഷ്ടത്തെ ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി വ്യാഴാഴ്ച അപലപിച്ചു. തകർന്ന ഫലസ്തീൻ പ്രദേശത്തേക്ക് സഹായമെത്തിക്കുന്നതിന് ഇസ്രായിൽ ഏർപ്പെടുത്തിയ പൂർണവും അസ്വീകാര്യവുമായ ഉപരോധത്തെ കമ്മിറ്റി അപലപിച്ചു.
ഗാസയിൽ ഇന്ധനം, മരുന്ന്, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ക്ഷാമം വർധിച്ചുവരുന്നതിനെ കുറിച്ച് ആഴ്ചകളായി യു.എൻ ഉദ്യോഗസ്ഥരും എൻ.ജി.ഒകളും മുന്നറിയിപ്പ് നൽകുന്നു. ഗാസയിൽ മാനുഷിക സഹായം ജനങ്ങളുടെ ജീവനാഡിയാണ്. മാർച്ച് ആദ്യം മുതൽ സഹായങ്ങൾ മുനമ്പിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രായിൽ പൂർണമായ വിലക്ക് ഏർപ്പെടുത്തിയതോടെ പ്രതിസന്ധി കൂടുതൽ വഷളായതായി റിലീഫ് ഏജൻസികൾ പറയുന്നു.
ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി ഡയറക്ടർ ജനറൽ പിയറി ക്രാഹെൻബുൾ ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ അനുശാസിക്കുന്ന എല്ലാത്തിനും അടിസ്ഥാനപരമായി വിരുദ്ധമാണ്. അടുത്ത കുറച്ച് ദിവസങ്ങൾ നിർണായകമായിരിക്കും. ശേഷിക്കുന്ന മെഡിക്കൽ സാധനങ്ങളും മറ്റു സഹായങ്ങളും തീർന്നുപോകുന്ന ഒരു സമയം വരും-പിയറി ക്രാഹെൻബുൾ മുന്നറിയിപ്പ് നൽകി.
രണ്ടു മാസത്തേക്ക് യുദ്ധം നിർത്തിവെച്ച അമേരിക്കൻ പിന്തുണയുള്ള വെടിനിർത്തൽ തകർന്നതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഏർപ്പെടുത്തിയ റിലീഫ് വസ്തുക്കൾക്കുള്ള ഉപരോധം പിൻവലിക്കണമെന്ന് രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇസ്രായിലിനോട് ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ഏജൻസികൾ വലിയ തോതിലുള്ള സഹായങ്ങൾ ഹമാസ് പോരാളികളുടെ കൈകളിലേക്ക് എത്താൻ അനുവദിക്കുന്നതായി ഇസ്രായിൽ ആരോപിക്കുന്നു. സിവിലിയന്മാർക്കുള്ള സാധനങ്ങൾ സ്വന്തം പോരാളികൾക്ക് ഹമാസ് വഴിതിരിച്ചുവിടുന്നതായും ഇസ്രായിൽ ആരോപിക്കുന്നു. ഈ ആരോപണം ഹമാസ് നിഷേധിച്ചു. 19 മാസമായി തുടരുന്ന സംഘർഷത്തിൽ നാടുകടത്തപ്പെട്ട ജനങ്ങൾക്കെതിരെ പട്ടിണിയെ ഇസ്രായിൽ ആയുധമായി ഉപയോഗിക്കുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തുന്നു.
കമ്മ്യൂണിറ്റി അടുക്കളകൾ, പ്രാദേശിക വ്യാപാരികളുടെ കടകൾ, യു.എൻ ആസ്ഥാനം എന്നിവയിലെ വർധിച്ചുവരുന്ന കൊള്ളയടിക്കലുകൾ ഹമാസ് സുരക്ഷാ സേനയെ പ്രാദേശിക ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പ്രേരിപ്പിച്ചു. ഗുണ്ടാസംഘങ്ങളിലെ ആറു അംഗങ്ങളെയെങ്കിലും കഴിഞ്ഞയാഴ്ച വധിച്ചതായി ഹമാസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 105 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു മാസത്തിനിടെ ഒറ്റദിവസം സംഭവിക്കുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 2023 ഒക്‌ടോബർ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ഇസ്രായിൽ 52,700 ലേറെ പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗാസയിൽ ചാരിറ്റബിൾ അടുക്കളകളിൽ ഭക്ഷണത്തിന് കാത്തുനിൽക്കുന്ന ഫലസ്തീൻ കുട്ടികൾ.