ദുബൈ– ദുബൈ കണ്ടന്റ് ക്രിയേറ്റർ രംഗത്തെ ഏറ്റവും വലിയ കൂട്ടായ്‌മയായ 1000 ദശലക്ഷം ഫോളോവേഴ്‌സ് സമ്മിറ്റ്, ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് 10 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള എഐ ഫിലിം അവാർഡ് സംഘടിപ്പിക്കുന്നു. 2026 ജനുവരി 9 മുതൽ 11 വരെയാണ് ചടങ്ങുകൾ നടക്കുന്നത്. ഗൂഗിളിന്റെ നൂതന എഐ ടൂളുകൾ ഉപയോഗിച്ച് സർഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കഥ പറയാൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ അവാർഡിന്റെ ലക്ഷ്യം.
യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് ചെയർമാനും ക്യാബിനറ്റ് അഫയേഴ്‌സ് ഫോർ സ്ട്രാറ്റജിക് പ്രൊജക്ട്‌സ് ഉപമന്ത്രിയുമായ സയീദ് അല്‍അതര്‍ പറഞ്ഞതനുസരിച്ച്, സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ഈ സമ്മേളനം നിർണായക പങ്കുവഹിക്കുന്നു. എഐ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന യുഎഇ, ലോകത്ത് ആദ്യമായി നിർമിതബുദ്ധിക്കായി മന്ത്രിയെ നിയമിക്കുകയും എഐ വിദഗ്ധരെ ആകർഷിക്കുന്നതിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ പാഠ്യപദ്ധതിയിൽ എഐ വിദ്യാഭ്യാസം ഉൾപ്പെടുത്തിയതും ഈ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ചലച്ചിത്ര നിർമാണത്തിലും കണ്ടന്റ് ക്രിയേഷനിലും എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഈ അവാർഡ് അവസരമൊരുക്കുന്നു. മൊബൈൽ ഫോണും ഭാവനയും ഉപയോഗിച്ച് ആർക്കും ഇന്ന് സർഗാത്മകത പ്രകടിപ്പിക്കാം, എഐ മനുഷ്യന്റെ ഈ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അൽ എത്തർ വ്യക്തമാക്കി.
നിബന്ധനകൾ
- ചിത്രത്തിന്റെ 70% എങ്കിലും ഗൂഗിൾ ജെമിനി ടൂളുകളായ Imagen, Veo, Flow എന്നിവ ഉപയോഗിച്ച് നിർമിക്കണം.
- “നാളെ വീണ്ടും എഴുതുക” (Rewrite Tomorrow) അല്ലെങ്കിൽ “രഹസ്യ ജീവിതം” (The Secret Life of) എന്നിവയായിരിക്കണം പ്രമേയം.
- ചിത്രത്തിന്റെ ദൈർഘ്യം 7 മുതൽ 10 മിനിറ്റ് വരെ.
- ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളും പ്രൊഫഷണൽ എഡിറ്റിംഗും നിർബന്ധം.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 20. വിധികർത്താക്കൾ കഥ, സർഗാത്മകത, എഐ ഉപയോഗം, വിഷയത്തിന്റെ ആഴം എന്നിവ അടിസ്ഥാനമാക്കി ചിത്രങ്ങൾ വിലയിരുത്തും. ഡിസംബറിൽ 10 എൻട്രികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടും, അവ പൊതു വോട്ടിനായി സമർപ്പിക്കും. 2026 ജനുവരി 3-ന് മികച്ച 5 ചിത്രങ്ങൾ പ്രഖ്യാപിക്കും, ഇവ സമ്മേളനത്തിൽ പ്രദർശിപ്പിച്ച ശേഷം ജനുവരി 11-ന് വിജയിയെ പ്രഖ്യാപിക്കും.
സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങൾ
- 400-ലേറെ ആഗോള പ്രഭാഷകരും 3 ബില്യൺ ഫോളോവേഴ്‌സുള്ള പ്രമുഖരും.
- 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള 30,000-ലേറെ സന്ദർശകരും 15,000-ലധികം കണ്ടന്റ് ക്രിയേറ്റർമാരും.
- 100-ലേറെ സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിക്കുന്ന ക്രിയേറ്റർ മാർക്കറ്റ്.
- കണ്ടന്റ് ക്രിയേറ്റർമാരെ സംരംഭകരാക്കാൻ 50 ദശലക്ഷം ദിർഹം നിക്ഷേപിക്കുന്ന ക്രിയേറ്റർ വെഞ്ചേഴ്‌സ് ആക്‌സിലറേറ്റർ.
യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സമ്മേളനം, എല്ലാ പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും പങ്കാളിത്തത്തോടെ കണ്ടന്റ് ക്രിയേഷൻ രംഗത്തെ പ്രമുഖ ആഗോള വേദിയാകും.