ദുബൈ– സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെലവ് കുറക്കാൻ വഴികൾ തേടുകയാണ് യുഎഇയിലെ മാതാപിതാക്കൾ. നിരവധി ചെലവുകളാണ് കുട്ടികളുടെ രക്ഷിതാക്കളെ കാത്തിരിക്കുന്നത്. ബാഗ്, ടെക്സ്റ്റ് ബുക്ക്സ്, യൂണിഫോം തുടങ്ങിയവ അടക്കം നിരവധി സാധനങ്ങൾ വാങ്ങിക്കുക എന്നത് ദുബൈയിൽ ഏറെ ചെലവേറിയ കാര്യമാണ്. അതിനെ മറികടക്കാൻ വിവിധ മാർഗങ്ങൾ തേടിയതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിവിധ രക്ഷിതാക്കൾ. ചെലവ് കുറക്കാൻ എന്തൊക്കെ മാർഗങ്ങളാണെന്ന് നോക്കാം.
സ്കൂൾ യൂണിഫോമിനായി ദുബൈയിലെ വിതരണക്കാരെ ആശ്രയിക്കുന്നതിന് പകരം ഷാർജയിലെ വിതരണക്കാരിൽ നിന്നും യൂണിഫോം വാങ്ങുന്നതാകും ഉത്തമം. ദുബൈയിൽ നിന്നും വാങ്ങിക്കുന്നതിന്റെ പകുതി തുക മാത്രമാണ് ഷാർജയിൽ നിന്നും വാങ്ങിക്കുമ്പോൾ വരിക. ദുബൈയിൽ 100 ദിർഹം വില വരുന്നിടത്ത് 50 ദിർഹം മാത്രമാണ് ഷാർജയിൽ യൂണിഫോമിന് വില വരുന്നത്. അതേസമയം, റാസൽഖൈമയിൽ നിന്നും അജ്മാനിൽ നിന്നും വില കുറഞ്ഞ് യൂണിഫോമുകൾ വാങ്ങിക്കാൻ കഴിയും. വില കുറവാണെങ്കിലും ഗുണനിലവാരത്തിൽ ഏകദേശം ഒരുപോലെയാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.
സ്റ്റേഷനറി, ലഞ്ച് ബോക്സുകൾ തുടങ്ങിയ സ്കൂൾ സാമഗ്രികൾ നാട്ടിൽ അവധികാലത്ത് പോകുമ്പോൾ വാങ്ങി വെക്കുന്നതും ഗുണം ചെയ്യുമെന്ന് രക്ഷിതാക്കൾ പറയുന്നു. വില കുറഞ്ഞ് സാധങ്ങൾ വാങ്ങിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യും.
മറ്റൊരു കൗതുകകരമായ വഴി എന്ന് പറയുന്നത്, ദുബൈയിലെ കുറച്ച് വാട്ട്സ്ആപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളാണ്. ഉപയോഗിച്ച ടെക്സ്റ്റ് പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ ഇത് സഹായകമാകുന്നു. യൂണിഫോം, പുസ്തകങ്ങൾ, ടാബ്ലെറ്റുകൾ അടക്കമുള്ള സാധനങ്ങൾ വിൽക്കുന്ന സെക്കന്റ് ഹാൻഡ് വെബ്സൈറ്റുകളും സൂക്ഷിച്ച് കൈകാര്യം ചെയ്താൽ രക്ഷിതാക്കൾക്ക് ഉപയോഗപ്രദമാണ്.
‘ദുബൈ സമ്മർ സർപ്രൈസ്സ്’ പോലെ ഓഫർ ലഭിക്കുന്ന ഇവെന്റുകളിൽ നിന്ന് സാധങ്ങൾ വാങ്ങിക്കുന്നതും ഗുണം ചെയ്യും. ‘ബാക്ക് ടു സ്കൂൾ’ ഷോപ്പിംഗ് സീസണും കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങിക്കാൻ സഹായകമാകും.