റിയാദ്- സൗദി അറേബ്യയിൽ അടുത്ത ആഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യ തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നിവടങ്ങളിലെല്ലാം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏപ്രിൽ 23 മുതൽ 29 വരെയുള്ള കാലയളവിൽ തബൂക്ക്, അൽ-ബഹ, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകും.
ഏപ്രിൽ 30 മുതൽ മെയ് ആറു വരെ റിയാദ് ഉൾപ്പെടെ കിഴക്കൻ, റിയാദ് മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. മക്ക മേഖലയിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.
ഏപ്രിൽ നാലാം വാരത്തിൽ ഏകദേശം 50-60 മി.മീ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്.
മെയ് ആദ്യവാരം റിയാദ് മേഖലയുടെ വടക്കുകിഴക്കും കിഴക്കൻ പ്രവിശ്യയുടെ കിഴക്കും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ താമസക്കാർ ഈ കാലഘട്ടങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകുന്ന കാലാവസ്ഥാ പ്രവചനവും മുൻകൂർ മുന്നറിയിപ്പും കർശനമായി പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.