ദുബൈ – കനത്ത മൂടല്‍മഞ്ഞ് കാരണം ദുബൈയില്‍ ഇന്ന് 23 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും വിമാന സര്‍വീസുകള്‍ ഇന്ന് പുലര്‍ച്ചെ തടസ്സപ്പെട്ടു. വിമാനങ്ങളുടെ പുറപ്പെടലുകളും വരവുകളും രണ്ട് മണിക്കൂര്‍ വരെ വൈകി. ദുബൈയുടെയും വടക്കന്‍ എമിറേറ്റുകളുടെയും ചില ഭാഗങ്ങളില്‍ പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞാണ് കാലതാമസത്തിന് കാരണമായത്.
വിമാനത്താവളങ്ങളുടെ വെബ്സൈറ്റിലെ ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, കൊളംബോ, ഓക്ക്ലന്‍ഡ്, ദാറുസ്സലാം, മാലി, ബ്രിസ്ബേന്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള എമിറേറ്റ്സ് സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടു. മൊംബാസ, ക്രാബി എന്നിവ അടക്കം മറ്റേതാനും സ്ഥലങ്ങളിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനങ്ങളും 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂറിലധികം വരെ വൈകി.
ഇന്ന് അതിരാവിലെ ഉണ്ടായ കാലാവസ്ഥ കാരണം ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള 21 വിമാന സര്‍വീസുകളും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടിലേക്കുള്ള (അല്‍മക്തൂം ഇന്റര്‍നാഷണല്‍) രണ്ട് വിമാന സര്‍വീസുകളും വഴിതിരിച്ചുവിട്ടതായി ഇരു എയര്‍പോര്‍ട്ടുകളും പ്രവര്‍ത്തിപ്പിക്കുന്ന ദുബൈ എയര്‍പോര്‍ട്ട്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
ഷെഡ്യൂളുകള്‍ സന്തുലിതമാക്കാനും ചെറിയ തടസ്സം ബാധിച്ച യാത്രക്കാരെ പിന്തുണക്കാനും എയര്‍പോര്‍ട്ട് ടീമുകള്‍ എയര്‍ലൈനുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, സര്‍വീസ് പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി പ്രസ്താവന പറഞ്ഞു.
കാലാവസ്ഥ ഇപ്പോള്‍ സാധാരണ നിലയിലായതിനാല്‍, പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെന്നും കാലതാമസം കുറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ദുബൈ എയര്‍പോര്‍ട്ട്‌സ് സ്ഥിരീകരിച്ചു. ഡല്‍ഹി, കസാന്‍, അഡിസ് അബാബ, ബിഷ്‌കെക്ക്, അലക്‌സാണ്ട്രിയ, കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ നിന്ന് എത്തുന്നതോ പുറപ്പെടുന്നതോ ആയ എയര്‍ അറേബ്യ വിമാനങ്ങള്‍ വൈകിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദുബൈ, ഷാര്‍ജ, യു.എ.ഇയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നും അതിരാവിലെ ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.



