കുവൈത്ത് സിറ്റി– കുവൈത്തിൽ നിന്നും സ്വദേശമായ ഫിലിപ്പൈൻസിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം മൂലം മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. വിൽമ ഔസ എന്ന 41 കാരിയാണ് കുവൈത്തിൽ തൊഴിൽ കരാർ പൂർത്തിയാക്കി മടങ്ങവേ മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് ദുമാഗ്വെറ്റ് സിറ്റിയിലേക്ക് വിൽമ ഔസ പോകുന്നത്. വളരെ ദുർഘടം നിറഞ്ഞതായിരുന്നു വിൽമ ഔസയുടെ യാത്ര. ഒന്നിലധികം വിമാനങ്ങളിലും ബസിലുമായുള്ള യാത്രക്കിടെ വിൽമ ഔസ വളരെ ക്ഷീണിതയായി കാണപ്പെട്ടു എന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. യാത്രയ്ക്കിടെ അവൾക്ക് അസുഖം ബാധിച്ചതായും ഒരു ഘട്ടത്തിൽ ഛർദ്ദിച്ചതായും സഹ ബസ് യാത്രക്കാരും പറഞ്ഞു. പിന്നീട് ഉറങ്ങിപ്പോയ വിൽമ ഔസ ഉറക്കത്തിനിടെ തന്നെ മരിക്കുകയായിരുന്നു.
എമർജൻസി റെസ്പോൺസർമാർ സംഭവസ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ പരിശോധനയ്ക്കായി ഗ്രാമീണ ആരോഗ്യ യൂണിറ്റിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണമറിയാൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ (ഒഡബ്ല്യുഡബ്ല്യുഎ) ഔസയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.
ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ഈ ദുഷ്‌കരമായ സമയത്ത് അവരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.