ദോഹ– ഗാസയിൽ വെടിനിർത്താനുള്ള പുതിയ നിർദേശം ഹമാസ് അംഗീകരിച്ചതായി ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ഗാസയിൽ സൈന്യത്തെ വിന്യസിക്കാനുള്ള ഇസ്രായിൽ പ്രഖ്യാപനം നടത്തിയ അവസരത്തിൽ ഫലസ്തീനികളെ രക്ഷിക്കാൻ കഴിയുന്ന ഏറ്റവും ഉചിതമായ മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ, തടവുകാരെയും ബന്ദികളെയും കൈമാറുക, ഗാസയിൽനിന്ന് ഇസ്രായിൽ സൈന്യത്തെ പുനക്രമീകരിക്കുക, മാനുഷിക സഹായം വർധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അൻസാരി വ്യക്തമാക്കി.
എന്നാൽ, ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈജിപ്ത് അടക്കമുള്ള അന്താരാഷ്ട്ര പങ്കാളികളുമായി ചർച്ച ചെയ്ത് ചേർന്ന് ഗാസയിലെ വെടിനിർത്തലിനും മാനുഷിക സഹായ വിതരണത്തിനുമുള്ള ശ്രമങ്ങൾ ഖത്തർ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ വെടിനിർത്തൽ നിർദേശം ഇസ്രായിൽ മുമ്പ് അംഗീകരിച്ച 98 ശതമാനം കാര്യങ്ങളും ഉൾപ്പെടുത്തിയാണ് തയാറാക്കിയത്.
കടുത്ത ഭക്ഷണ ക്ഷാമവും, ആശുപത്രി മേഖലകളിലെ തകർച്ചയും കാരണം ദിവസവും നിരവധി ആളുകളാണ് ഗാസയിൽ മരിച്ചുവീഴുന്നത്. ഇത് തടയാൻ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിച്ചില്ലെങ്കിലും ഇസ്രായിൽ ഭാഗത്ത് ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം.