ജിദ്ദ: നിയമാനസൃത പെർമിറ്റില്ലാതെ ഹജ്ജ് കർമം നിർവഹിക്കുന്നതിനെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ നുസുക് പ്ലാറ്റ്‌ഫോം വഴി ഹജ്ജ് പെർമിറ്റ് നേടണം.
ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായി സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്ന നുസുക് പ്ലാറ്റ്‌ഫോം വഴിയാണ് ഹജ്ജ് പെർമിറ്റ് നേടേണ്ടത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം.
ഹജ്ജ് വിസയിൽ എത്തുന്നവർ ഒഴികെ, മറ്റു വിസകളിൽ രാജ്യത്തെത്തുന്നവർക്ക് ഹജ്ജ് കർമം നിർവഹിക്കാൻ അർഹതയില്ല. പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്നത് ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും നിർദേശങ്ങളുടെയും ലംഘനമാണ്.
പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകർക്ക് താമസ, ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പരസ്യങ്ങളിലൂടെയുള്ള വഞ്ചനകൾക്കും തട്ടിപ്പുകൾക്കുമെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്ജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോർട്ട് ചെയ്യണം.
വിദേശ രാജ്യങ്ങളിൽ ഹജ്ജുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങളെ കുറിച്ച് അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഉംറ വിസയിൽ രാജ്യത്തെത്തിയ തീർത്ഥാടകർക്ക് സൗദി അറേബ്യ വിടാനുള്ള അവസാന തിയ്യതി 2025 ഏപ്രിൽ 29 ചൊവ്വാഴ്ചയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, വ്യാജ ഹജ്ജ് സർവീസ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ നാലംഗ സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ മൂന്നു യെമനി യുവാക്കളും നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനി യുവാവുമാണ് അറസ്റ്റിലായത്. നിയമാനുസൃത പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ അടക്കമുള്ള സേവനങ്ങൾ നൽകുമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് സംഘം തട്ടിപ്പുകൾ നടത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.