അബഹ: വ്യാജ ഹജ്ജ് സർവീസ് സ്ഥാപനത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച ബംഗ്ലാദേശുകാരനെ അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുശൈത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കിനൽകുമെന്ന് അവകാശപ്പെട്ടാണ് ബംഗ്ലാദേശുകാരൻ തട്ടിപ്പുകൾ നടത്തിയത്. ഇരകളിൽ നിന്ന് അഡ്വാൻസായി കൈപ്പറ്റിയ വൻ തുകയും തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മറ്റു രേഖകളും ബംഗ്ലാദേശുകാരന്റെ പക്കൽ കണ്ടെത്തി.
ഹജജ്ജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. ഹജജ്ജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.