റിയാദ്– മേഖലയിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാനെതിരായ നീക്കങ്ങൾക്കായി തങ്ങളുടെ മണ്ണോ ആകാശമോ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് ഗൾഫ് രാജ്യങ്ങൾ. അമേരിക്കയ്ക്ക് കർശന നിർദ്ദേശം നൽകിക്കൊണ്ട് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിന്റെ നേതൃത്വത്തിൽ ഉണ്ടായേക്കാവുന്ന സൈനിക ഇടപെടലുകളെ തടയാനാണ് ഗൾഫ് രാഷ്ട്രങ്ങളുടെ ഈ സുപ്രധാന നീക്കം.
ഇറാനെതിരെയുള്ള സൈനിക പ്രവർത്തനങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമാധാനം നിലനിർത്തുന്നതിനും മേഖലയിൽ സംഘർഷം ഒഴിവാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് യുഎഇ വ്യക്തമാക്കി. സമാനമായ നിലപാട് തന്നെയാണ് സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കരുതെന്ന് യുഎസിനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നുമാണ് രാജ്യത്തിന്റെ താൽപ്പര്യമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
സൗദി സ്വീകരിച്ച ഉറച്ച നിലപാടിന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നന്ദി അറിയിച്ചു. മേഖലയിൽ സ്ഥിരത കൈവരിക്കുന്നതിൽ സൗദി കിരീടാവകാശി വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഇറാനിലെ നിലവിലെ സാഹചര്യങ്ങളും ആണവ ചർച്ചകളിലെ പുതിയ പുരോഗതികളും ഇരുവരും ചർച്ച ചെയ്തു. ഗൾഫ് രാഷ്ട്രങ്ങളുടെ ഈ ഐക്യം മേഖലയിലെ വലിയൊരു സൈനിക നീക്കത്തിന് തടയിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



