ജിദ്ദ – ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ വലിയ ശേഖരം ആണവായുധം നിര്‍മ്മിക്കാന്‍ ആവശ്യമായ നിലവാരത്തിന് അടുത്തെത്തിയിട്ടുണ്ട്. ഇറാന്‍ ആണവ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധകര്‍ക്ക് പൂര്‍ണ്ണമായി പ്രവേശനം നിഷേധിക്കുന്നത് ഗുരുതരമായ ആശങ്കക്ക് കാരണമാകും. നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇറാന്‍ ഐ.എ.ഇ.എയുമായി സഹകരിക്കുന്നില്ലെങ്കില്‍, ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്ന് ഏജന്‍സിക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
ആണവ പ്രശ്‌നത്തില്‍ ചര്‍ച്ചകളിലൂടെ കരാറിലെത്താന്‍ കഴിഞ്ഞില്ലെന്ന വ്യാജേന, കഴിഞ്ഞ ശനിയാഴ്ച ഇറാനെതിരായ ഇസ്രായില്‍-അമേരിക്കന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഗ്രോസിയുടെ പ്രസ്താവനകള്‍ പുറത്തുവന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈവശം വെക്കാതിരിക്കാന്‍ ഇറാന്‍ സമ്മതിച്ചതായി ഒമാന്‍ വിദേശ മന്ത്രി ബദര്‍ അല്‍ബൂസഈദി യുദ്ധത്തിന് ഒരു ദിവസം മുമ്പ് അറിയിച്ചിരുന്നു. ഇറാന്‍ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുമെന്നും, ആണവ ഇന്ധനത്തിന്റെ ശേഖരണമോ സംഭരണമോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും ഇത് പൂര്‍ണ്ണമായും സ്ഥിരീകരിക്കുമെന്നും അല്‍ബൂസഈദി അന്ന് വിശദീകരിച്ചു.
എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വിഷയത്തില്‍ പ്രതികരണം നടത്തുകയും ഇറാന്‍ 20 ശതമാനം വരെ പോലും യുറേനിയം സമ്പുഷ്ടീകരിക്കരുതെന്ന് പ്രസ്താവിക്കുയും ചെയ്തു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി പോലും ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിക്കരുതെന്ന്, ജനീവയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്നാം റൗണ്ട് ചര്‍ച്ചയുടെ പിറ്റേന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഇറാനെതിരെ ഇസ്രായില്‍-അമേരിക്കന്‍ സൈനിക നടപടി ആരംഭിച്ചു. യുദ്ധത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടു. യുദ്ധം ഇപ്പോഴും നിര്‍ബാധം തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



