ബുറൈദ– അല്‍ഖസീമിലുണ്ടായ കാറപകടത്തില്‍ മാതാപിതാക്കള്‍ അടക്കം മുഴുവന്‍ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട സുഡാനി ബാലിക അല്‍അനൂദ് അല്‍തുറൈഫിയെ അല്‍ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ബാലിക ആശുപത്രിയില്‍ ചികിത്സയിലാണ്. ബാലികയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ഗവര്‍ണര്‍, പെണ്‍കുട്ടിക്ക് ആവശ്യമായ മുഴുവന്‍ വൈദ്യ, മാനസിക പരിചരണങ്ങളും നല്‍കാന്‍ മെഡിക്കല്‍ സംഘത്തോട് നിര്‍ദേശിച്ചു.
അപകടത്തില്‍ പെട്ട കാറില്‍ കുടുങ്ങിയ സുഡാനി ബാലികയെ സൗദി യുവാവ് സുല്‍ത്താന്‍ അല്‍ഹര്‍ബി സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് രക്ഷിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയുടന്‍ സുഡാനി കുടുംബത്തിന്റെ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. പ്രദേശത്തു കൂടി കാറില്‍ കടന്നുപോവുകയായിരുന്ന സുല്‍ത്താന്‍ അല്‍ഹര്‍ബി അപകടം കാണുകയും കാറിനകത്തു നിന്ന് ബാലിക ഉച്ചത്തില്‍ കരയുന്നത് കേള്‍ക്കുകയുമായിരുന്നു. സുല്‍ത്താന്‍ അല്‍ഹര്‍ബിക്കൊപ്പം കാറില്‍ പിതൃസഹോദരനുമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് തീ ആളിപ്പടര്‍ന്ന കാറിന്റെ ചില്ല് ഇടിച്ചുതകര്‍ത്ത് അകത്ത് കുടുങ്ങിയ ബാലികയെ രക്ഷിക്കുകയായിരുന്നു. ശിരോവസ്ത്രം കൈയില്‍ ചുറ്റിയാണ് സുല്‍ത്താന്‍ അല്‍ഹര്‍ബി കാറിന്റെ ചില്ല് ഇടിച്ചുതകര്‍ത്തത്. തീയും കനത്ത പുകയും കാരണം കാറിനകത്തുള്ള ബാലികയെ തനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് താന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നതെന്നും സുല്‍ത്താന്‍ അല്‍ഹര്‍ബി പറഞ്ഞു.


പരിക്കേറ്റ ബാലികയെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. സുല്‍ത്താന്‍ അല്‍ഹര്‍ബിയുടെ ധീരതയാണ് തന്റെ പേരമകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്ന് ബാലികയുടെ വല്യുപ്പ അബ്ദുല്ല അല്‍തുറൈഫി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആരോഗ്യ നില ഉറപ്പുവരുത്താന്‍ പേരമകളെ സുല്‍ത്താന്‍ അല്‍തുറൈഫി പലതവണ സന്ദര്‍ശിച്ചതായി ബാലികയുടെ വല്യുമ്മ നസ്‌രീന്‍ അല്‍തുറൈഫി വ്യക്തമാക്കി. കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട് തനിച്ചായ തന്നെ തന്റെ വല്യുപ്പക്കും വല്യുമ്മക്കും ഒപ്പം സൗദിയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം അല്‍അനൂദ് അല്‍തുറൈഫി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അപേക്ഷിച്ചിരുന്നു.



