ജിസാന്‍ – മെയിന്‍ റോഡിലേക്ക് നിരങ്ങിനീങ്ങിയ കാര്‍ നിര്‍ത്തി കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ച സൗദി യുവതി ലൈല മജ്‌റശിക്ക് ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ ആദരം. ജിസാന്‍ ഗവര്‍ണറേറ്റ് ആസ്ഥാനത്ത് ലൈല മജ്‌റശിയെ സ്വീകരിച്ച ഗവര്‍ണര്‍ ഇവര്‍ക്ക് പാരിതോഷികവും പ്രശംസാ പത്രവും സമ്മാനിച്ചു. ജിസാനില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. നേരിയ ചെരിവുള്ള സ്ഥലത്ത് കാര്‍ നിര്‍ത്തി ഡ്രൈവര്‍ സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് കയറിപ്പോയ സമയത്താണ് കാര്‍ പിന്നിലേക്ക് നിരങ്ങിനീങ്ങിയത്. ഈ സമയത്ത് കാറിനകത്ത് ഡ്രൈവറുടെ ഭാര്യയും കുട്ടികളുണ്ടായിരുന്നു.
ഡ്രൈവറില്ലാത്ത കാര്‍ റോഡിലേക്ക് നിരങ്ങിനീങ്ങുന്നത് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന യുവതിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇത് കണ്ട് ഇവര്‍ ഓടിച്ചെന്ന് കാറില്‍ കയറി വാഹനം നിര്‍ത്തുകയായിരുന്നു. നല്ല വേഗതയില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലേക്കാണ് കാര്‍ നിരങ്ങിനീങ്ങിയത്. യുവതിയുടെ സമയോചിതവും ധീരവുമായ ഇടപെടല്‍ വന്‍ അപകടമാണ് ഒഴിവാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ജിസാനിലെ സ്വാകര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായാണ് യുവതി ജോലി ചെയ്യുന്നത്. കുടുംബത്തെ രക്ഷിക്കുന്നതില്‍ കാണിച്ച വീരോചിതമായ പ്രവൃത്തിയെ അഭിനന്ദിച്ച് കമ്പനി ഇവര്‍ക്ക് 2026 മോഡല്‍ കാര്‍ സമ്മാനിച്ചിരുന്നു.
https://twitter.com/i/status/2011443849542164877



