ജിദ്ദ- നിലവിലെ യുദ്ധസാഹചര്യങ്ങൾ മുതലെടുത്ത് അറബ് രാഷ്ട്രങ്ങളെ മോശമായി ചിത്രീകരിക്കുകയും ഷിയാ വിശ്വാസത്തെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ പണ്ഡിതനും ഇസ്‌ലാഹീ പ്രഭാഷകനുമായ അഹ്‌മദ് അനസ് മൗലവി പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിൽ ‘ഫിത്നകളുടെ കാലത്തെ വിശ്വാസിയുടെ നിലപാട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിക്കുന്നു എന്ന കാരണത്താൽ അവർ മർദിതരാണെന്ന് വാദിച്ച് ഇറാനെ പിന്തുണയ്ക്കുന്നവർ, യാതൊരു പ്രകോപനവുമില്ലാതെ അയൽപക്കത്തുള്ള അറബ് രാജ്യങ്ങളെ ഇറാൻ ആക്രമിക്കുന്ന വസ്‌തുത കാണുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മക്കയും മദീനയുമടക്കം കീഴടക്കുമെന്നും പ്രവാചകന്റെ അനുയായികളെ നിന്ദിക്കുമെന്നും പരസ്യമായി പ്രഖ്യാപിക്കുന്ന ഇക്കൂട്ടർ കിട്ടുന്ന അവസരങ്ങളിലെല്ലാം അറബ് രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഫലസ്തീൻ ജനതയുടെ രക്ഷകരായി ഇറാനെ ചിത്രീകരിക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കണം, ഈ യുദ്ധം അവസാനിപ്പിക്കാനായി ഫലസ്തീൻ വിഷയം ഒരു ഉപാധിയായി മുന്നോട്ടുവെക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. സാമ്രാജ്യത്വ വിരുദ്ധത പ്രസംഗിക്കുന്നവർ ഇറാനിന്റെ തൊട്ടടുത്ത രാജ്യമായ ഇറാഖിൽ അമേരിക്കൻ പിന്തുണയോടെ ഭരണം നടത്തുന്നത് ഷിയാക്കളാണെന്ന വസ്‌തുത മറച്ചുവെക്കുകയാണ്. രാജ്യങ്ങളിൽ ആഭ്യന്തര കലാപമുണ്ടാക്കി അവയെ തകർക്കുക എന്ന സാമ്രാജ്യത്വ തന്ത്രത്തിന് ഇറാൻ കൂട്ടുനിൽക്കുകയാണെന്നും അനസ് മൗലവി ആരോപിച്ചു. വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അറബ് ഭരണാധികാരികളുടെ തണലിൽ ഇരുന്നുകൊണ്ടാണ് പലരും ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരമായി പേർഷ്യൻ ജനത ഇസ്‌ലാമിന് നൽകിയ സംഭാവനകൾ സുന്നി ഭരണകാലത്തായിരുന്നുവെന്നും ഷിയാക്കൾ ഭരണം പിടിച്ചതോടെ അവിടുത്തെ പ്രതിഭകൾ നാടുവിടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തൊഴിൽ തേടി വരുന്നത് ഇറാനിലേക്കല്ല, മറിച്ച് അറബ് നാടുകളിലേക്കാണെന്നത് അവിടുത്തെ പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നവർ തിരിച്ചറിയണം. രാഷ്ട്രീയ വിഷയങ്ങളുടെ മറവിൽ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് വഴിതെറ്റിക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.



