ജിദ്ദ – 2026-ലെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ സൗദി അറേബ്യയും യു.എ.ഇയും കരുത്തുറ്റ മുന്നേറ്റം കാഴ്ചവെച്ചു. സൗദി പാസ്‌പോർട്ട് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 54-ാം റാങ്കിലെത്തി. സൂചികയുടെ ചരിത്രത്തിൽ സൗദി നേടുന്ന ഏറ്റവും മികച്ച റാങ്കിംഗാണിത്. നിലവിൽ 88 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സൗദി പൗരന്മാർക്ക് സാധിക്കും. രാജ്യത്തിന്റെ വളരുന്ന നയതന്ത്ര സ്വാധീനവും വിഷൻ 2030-ന്റെ ഭാഗമായുള്ള വികസനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ലോകത്ത് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ പാസ്‌പോർട്ടായി യു.എ.ഇ മാറി. 2006-ൽ ഉണ്ടായിരുന്നതിനേക്കാൾ 149 വിസ രഹിത ലക്ഷ്യസ്ഥാനങ്ങൾ അധികമായി നേടിയ യു.എ.ഇ, റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 184 രാജ്യങ്ങളിലേക്കാണ് യു.എ.ഇ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
അതേസമയം, 192 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്ന സിംഗപ്പൂർ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിട്ടു. അമേരിക്കൻ പാസ്‌പോർട്ട് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, വെറും 24 രാജ്യങ്ങളിലേക്ക് മാത്രം പ്രവേശനം നൽകുന്ന അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഏറ്റവും പിന്നിലാണ്. ആഗോളതലത്തിൽ യാത്രാ സ്വാതന്ത്ര്യം വർധിക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി കരുത്തുള്ള രാജ്യങ്ങളിൽ മാത്രമാണ് ഇതിന്റെ ഗുണഫലങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നതെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്‌സ് വിലയിരുത്തി.



