റിയാദ് – രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യ ആഗോള പ്രചാരണത്തിന് തുടക്കം കുറിച്ചു. ‘ഞാന്‍ ഫുട്ബോളിനായി വന്നു, കൂടുതല്‍ ആസ്വദിക്കാന്‍ കൂടുതല്‍ കാലം താമസിച്ചു’ എന്ന ശീര്‍ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി സൗദി ടൂറിസം അതോറിറ്റി സൗദി എക്സെപ്ഷണല്‍ കലണ്ടര്‍ ഓഫ് ഇവന്റ്സ് പുറത്തിറക്കി.
സൗദി അറേബ്യയിലെ ആഗോള പരിപാടികളുടെ വൈവിധ്യവും സമ്പന്നതയും കാമ്പെയ്ന്‍ എടുത്തുകാണിക്കുന്നു. ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ്, ഫോര്‍മുല-1 റേസുകള്‍, ഗോള്‍ഫ് എല്‍.ഐ.വി ചാമ്പ്യന്‍ഷിപ്പ്, പ്രധാന ടെന്നീസ്, ബോക്സിംഗ് ടൂര്‍ണമെന്റുകള്‍, സൗദി റോഷന്‍ ലീഗ് തുടങ്ങിയ ആഗോള ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടുന്ന, സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന, വര്‍ഷം മുഴുവന്‍ നടക്കുന്ന സ്‌പോര്‍ട്‌സ് പരിപാടികളുടെ കലണ്ടര്‍ എടുത്തുകാണിച്ചു കൊണ്ട് യൂറോപ്പ്, ഇന്ത്യ, ചൈന എന്നിവയുള്‍പ്പെടെ ഏതാനും പ്രധാന ആഗോള വിപണികളില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ഈ കാമ്പെയ്ന്‍ ലക്ഷ്യമിടുന്നു.
2027 എ.എഫ്.സി ഏഷ്യന്‍ കപ്പ്, 2027 ഇ-സ്പോര്‍ട്സ് ഒളിമ്പിക്സ്, 2029 ഏഷ്യന്‍ വിന്റര്‍ ഗെയിംസ്, 2034 ഫിഫ ലോകകപ്പ് എന്നിവയുള്‍പ്പെടെ സ്‌പോര്‍ട്‌സ് പ്രേമികള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന കായിക പരിപാടികള്‍ക്കുള്ള അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഈ ചുവടുവെപ്പ് ശക്തിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള സ്‌പോര്‍ട്‌സ് ആരാധകര്‍ക്ക് സംയോജിത അനുഭവം നല്‍കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
സൗദി അറേബ്യ വിദേശ ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ കായിക മേഖലക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നു. റിയാദ് ഫാഷന്‍ വീക്ക്, റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സൗണ്ട്സ്റ്റോം, റിയാദ്, ദിര്‍ഇയ, അല്‍ഉല എന്നിവിടങ്ങളിലെ സൗദി സീസണുകള്‍ എന്നിവയിലൂടെ സാംസ്‌കാരിക, വിനോദ മേഖല ശ്രദ്ധേയമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നു. വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ അതുല്യമായ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് സൗദി അറേബ്യ തുടരുന്നു.
സംഗീതം, കോമഡി, നാടകം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര പ്രകടനങ്ങളും പ്രോഗ്രാമുകളും രാജ്യത്ത് നടക്കുന്നു. ഇത് എല്ലാ സംസ്‌കാരങ്ങളോടുമുള്ള തുറന്ന മനസ്സും വിശാലമായ പങ്കാളിത്തത്തിന്റെ വ്യാപ്തിയും പ്രതിഫലിപ്പിക്കുന്നു. വിവിധ വകുപ്പുകള്‍ തമ്മിലെ സംയോജിത ശ്രമങ്ങളുടെ ഫലമായാണ് ടൂറിസം, സംസ്‌കാരം, വിനോദം, സ്പോര്‍ട്സ് എന്നിവക്കുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സൗദി എക്സെപ്ഷണല്‍ ഇവന്റ് കലണ്ടര്‍ രൂപപ്പെടുത്തത്തിയത്.
ആധികാരിക സംസ്‌കാരം, ഊഷ്മളമായ ആതിഥ്യം, അന്താരാഷ്ട്ര പരിപാടികളുടെ മഹത്വം എന്നിവ സംയോജിപ്പിക്കുന്ന ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സൗദി അറേബ്യ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നത് തുടരുകയാണെന്ന് ടൂറിസം മന്ത്രിയും സൗദി ടൂറിസം അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അഹ്മദ് അല്‍ഖതീബ് പറഞ്ഞു. ലോകത്തെ പ്രചോദിപ്പിക്കുകയും സന്ദര്‍ശകര്‍ക്ക് അസാധാരണവും അവിസ്മരണീയവുമായ അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംയോജിത ടൂറിസം മേഖല കെട്ടിപ്പടുക്കുന്നത് തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
സൗദി ഗ്ലോബല്‍ ഇവന്റ്‌സ് കലണ്ടര്‍ പുറത്തിറക്കിയത് ലോകമെമ്പാടും ഈ പരിപാടികള്‍ക്കായുള്ള ആദ്യകാല പ്രമോഷന്റെ പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്ന് സൗദി ടൂറിസം അതോറിറ്റിയുടെ സി.ഇ.ഒയും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഫഹദ് ഹുമൈദുദ്ദീന്‍ പറഞ്ഞു. സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളും ടൂറിസ്റ്റുകളെ ലക്ഷ്യമിടുന്ന വിപണികളിലെ ടൂറിസം മേഖലാ പങ്കാളികളും തമ്മിലുള്ള സഹകരണത്തിന്റെയും സംയോജനത്തിന്റെയും ഫലങ്ങള്‍ ഈ ഘട്ടം പ്രകടിപ്പിക്കുന്നതായും ഫഹദ് ഹുമൈദുദ്ദീന്‍ പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പ്രധാന ആഗോള വേദി എന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനുള്ള യാത്രയില്‍ രാജ്യത്തിനൊപ്പം നീങ്ങുന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നതായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. ഇത് സൗദിയുടെ തന്ത്രപരമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ചുവടുവെപ്പാണ്. സൗദി അറേബ്യയുടെ ഭാവി പുരോഗതി അതിന്റെ സാംസ്‌കാരിക ആധികാരികതയിലും സ്ഥാപിത മൂല്യങ്ങളിലും വേരൂന്നിയതും ദേശീയ സ്വത്വവും ലോകത്തോടുള്ള തുറന്ന മനസ്സും സംയോജിപ്പിക്കുന്ന അതുല്യ മാതൃക ഉള്‍ക്കൊള്ളുന്നതുമാണ്. സൗദി അറേബ്യയുടെ ഈ പ്രതിബദ്ധത ശ്രദ്ധേയമാണെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.