കുവൈത്ത് സിറ്റി– കുവൈത്തിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ട തന്റെ കാമുകനെയും, ലഹരി വസ്തുക്കളെയും പൊലീസിന് മുന്നിൽ തുറന്നു കാണിച്ച് കാമുകി. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്പാർട്ട്മെന്റ് മയക്കുമരുന്ന് വിതരണം നടത്തുന്ന കേന്ദ്രമായി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഇരുവരെയും താമസസ്ഥലത്ത് നിന്നും പിടികൂടിയത്. അതേസമയം, പൊലീസ് എത്തുന്നതിന് പിന്നാലെ പെൺസുഹൃത്ത് തന്നെ ഇടപെട്ട് കാമുകൻ ഒരു ഡ്രഗ്സ് ഡീലറാണെന്നും തെളിവായി ഹെറോയിൻ അടങ്ങിയ ബാഗ് പൊലീസിന് കൈമാറുകയും ചെയ്തു.
ബാഗ് നിറയെ ഹെറോയിൻ, മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങൾ, കൂടാതെ 500 കുവൈത്ത് ദിനാർ (1.35 ലക്ഷം രൂപ) പണവും പൊലീസ് പിടിച്ചെടുത്തു.
ഇരുവരെയും അറസ്റ്റ് ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി കുവൈത്ത് പൊലീസ് അറിയിച്ചു.