ദോഹ– ആശ്വാസകരമായ വാർത്തയാണിപ്പോൾ ഖത്തറിൽ നിന്നും പുറത്തുവരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ കഴിയുന്ന ഗാനിം അല്‍ മുഫ്ത അപകടനില തരണം ചെയ്തതായി അദ്ദേഹത്തിന്റെ സഹോദരൻ അറിയിച്ചു. ലോകത്തുടനീളമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയ പ്രശസ്ത യുട്യൂബറും ഖത്തരി സന്നദ്ധ പ്രവർത്തകനുമായ ഗാനിം ഖത്തർ ലോകകപ്പ് 2022ന്റെ അംബാസഡർമാരിലൊരാൾ കൂടിയാണ്. തന്റെ പരിമിതികളെ അതിജീവിച്ച് വിജയം നേടിയ അപൂർവ പ്രതിഭയാണ് ഗാനിം.
ഒരു ശസ്ത്രക്രിയക്ക് പിന്നാലെയാണ് ഗാനിം അല്‍ മുഫ്തയുടെ ആരോഗ്യ നില മോശമായത്. ഇതിനുപിന്നാലെ ഖത്തർ അടക്കമുള്ള അറബ് രാജ്യങ്ങൾ ഗാനിമിന്റെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലാണ്. കഴിഞ്ഞ ആഴ്ചയാണ് അൽഗാനിം ജര്‍മനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ് എന്നറിയിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അഹമ്മദ് എക്സ് പേജിൽ വിഡിയോ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ശസ്ത്രക്രിയ കഴിഞ്ഞതോടെയാണ് ആരോഗ്യാവസ്ഥ മോശമായത്. എന്നാൽ ഇപ്പോൾ അൽഗാനിം അപകടനില തരണം ചെയ്തതായും സംസാരിച്ചതായും സഹോദരൻ അറിയിച്ചു. മികച്ച പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയതായും സഹോദരൻ പറഞ്ഞു.
2002 മെയ് അഞ്ചിന് കൗഡൽ റിഗ്രഷൻ സിൻേഡ്രാം (സി.ഡി.എസ്) എന്ന അപൂർവ രോഗാവസ്ഥയോടെയാണ് ഗാനിം അല്‍ മുഫ്ത ജനിക്കുന്നത്. ഇരട്ട സഹോദരന്മാരിലൊരാളായാണ് ജനനം. അരക്ക് താഴേക്ക് വളർച്ചയില്ലെങ്കിലും അതൊന്നും ഗാനിമിനെ തളർത്തിയില്ല. ഇടക്ക് ശാരീരിക പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കാറുണ്ടെങ്കിലും അതിനെയെല്ലാം മറി കടക്കാൻ ഗാനിം അല്‍ മുഫ്തക്ക് സാധിക്കാറുണ്ട്. എന്നാൽ, ഇത്തവണ പ്രാര്‍ഥനാ സഹായം തേടിയുള്ള മന്ത്രിയുടെ പോസ്റ്റ് ഏവരെയും വേദനിപ്പിച്ചു.
2022 ഖത്തർ ലോകകപ്പിലൂടെയാണ് ഗാനിം അല്‍ മുഫ്ത കൂടുതൽ ലോകശ്രദ്ധ നേടിയത്. ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനൊപ്പം ലോകകപ്പ് വേദി പങ്കിട്ടതും ശ്രദ്ധേയമായി. എല്ലാ പ്രയാസങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് വന്ന ഗാനിം അല്‍ മുഫ്ത ലോകത്തിന് തന്നെ പ്രചോദനമാണ്.