ദുബൈ– ദുബൈ ജനറൽ ഡയറക്ടറിയേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് 2025 ന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ 52,000 ത്തിലധികം വിദേശി സംബന്ധമായ പ്രശ്നങ്ങൾക്കാണ് ഇൻസ്റ്റൻറ് വീഡിയോ കോളിലൂടെ പരിഹാരം കണ്ടത്.
ഇൻസ്റ്റൻറ് വീഡിയോ കോളിലൂടെ ജിഡിആർഎഫ്എ ഭരണ നിർവ്വഹണം നടത്തുന്നതിനാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാധിക്കുന്നു. കൂടാതെ, താമസക്കാർക്ക് ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ജിഡിആർഎഫ്എ ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്താനും തങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും സാധിക്കുന്നു.
2025 ലെ ആദ്യ ആറ് മാസത്തിനുള്ളിൽ മുൻകൂർ രെജിസ്റ്റർ ചെയത 52,212 ഇൻസ്റ്റൻറ് വീഡിയോ കോളുകൾ വഴി ജിഡിആർഎഫ്എ പരിഹാരം കണ്ടത്. അതിൽ 42,433 കോളുകൾ പ്രവേശനത്തിനും താമസാനുമതിക്കും വേണ്ടിയാണ്. വിവിധ കാർഡ് സേവനങ്ങൾക്കായി 5,782 കോളുകളും, സാമ്പത്തിക സേവനങ്ങൾക്കായി 2,850 കോളുകളും, പാസ്പോർട്ട് വിതരണ സേവനങ്ങൾക്കായി 1,147 കോളുകളുമാണ് ജിഡിആർഎഫ്എയെ തേടിയെത്തിയത്.
സമയ ലാഭവും, കാര്യക്ഷമവും
ഈ നൂതന സേവനം ഉപഭോക്തൃ നടപടിക്രമങ്ങൾ സുഗമമാക്കുക മാത്രമല്ല, താമസക്കാർക്ക് വീട്ടിലിരുന്ന് തന്നെ സൗകര്യപൂർവ്വം അപേക്ഷകൾ പൂരിപ്പിച്ച് സമർപ്പിക്കാനും സാധിക്കുന്നു, ഇത് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും സമയവും അധ്വാനവും ലാഭിക്കുന്നു. ഇത് സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വേഗത്തിലുള്ള ഇടപാടുകൾക്ക് സഹായകവും ആണ്.
എങ്ങനെ വീഡിയോ കോൾ ചെയ്യാം?
ദുബൈ ജിഡിആർഎഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി ഇൻസ്റ്റന്റ് വീഡിയോ കോൾ എന്ന ഓപ്ഷനിൽ അമർത്തുക. അതിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിന് ശേഷം ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുകയും, അപ്ലിക്കന്റിന്റെ പേര് വിവരങ്ങൾ പൂരിപ്പിക്കുകയും, വീഡിയോ കോൾ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുക. ശേഷം ജിഡിആർഎഫ്എ ഉദ്യോഗസ്ഥനുമായുള്ള വീഡിയോ കോളിലൂടെ ഉപഭോക്തൃ ആവശ്യങ്ങൾ പൂർത്തീകരിക്കാവുന്നതാണ്.
സേവന സമയം
തിങ്കൾ മുതൽ വെള്ളി വരെ ആയിരിക്കും സേവനം ലഭ്യമാകുക. തിങ്കൾ മുതൽ വ്യാഴം വരെ കാലത്ത് 7.30 മുതൽ രാത്രി 7 വരെയും വെള്ളിയാഴ്ച ദിവസങ്ങളിൽ കാലത്ത് 7.30 മുതൽ ഉച്ച 12 വരെയും ശേഷം 2.30 മുതൽ 7 വരെയും ആയിരിക്കും സേവനം ലഭ്യമാകുക.