ദുബൈ– ഈ മാസം 17ന് ഫുജൈറയിൽ നടക്കുന്ന ഫുജൈറ ഇന്ത്യാ ഫെസ്റ്റിൽ ഫുജൈറ ജുവൽ അവാർഡ് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് സമ്മാനിക്കുമെന്ന് സംഘാടകരായ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെയും സ്വദേശികളുടെയും സമൂഹ നന്മയ്ക്കും ക്ഷേമത്തിനും യൂസഫലി നൽകിയ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകുന്നതെന്ന് പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു. വൈകിട്ട് 5 മുതൽ ഫുജൈറ എക്സ്പോ സെന്ററിൽ നടക്കുന്ന ഫുജൈറ ഇന്ത്യാ ഫെസ്റ്റ് എമിറേറ്റിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമെന്ന നിലയിലാണ് ഒരുക്കുന്നത്.
ഫുജൈറയിലെ യുവ ഭരണാധികാരികളിലൊരാളായ ഷെയ്ഖ് മക്തൂം ബിൻ ഹമദ് അൽ ഷർഖി പുരസ്കാരം സമ്മാനിക്കും.
പരിപാടിയിൽ ഫുജൈറയിലെ മറ്റു വിശിഷ്ട വ്യക്തികളായ ഫുജൈറ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. സുലൈമാൻ ജാസിം, വ്യവസായ വിഭാഗം ഡയറക്ടർ അഹമ്മദ് റൂഗ് ബാനി, ചേംബർ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സുൽത്താൻ ജുമാ, ആസൂത്രണ വിഭാഗം ഡയറക്ടർ മറിയം ഹാറൂൺ എന്നിവരെയും പുരസ്കാരം നൽകി ആദരിക്കും.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനം, സംഗീതാവിഷ്കാരം, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ,കുടുംബസമേതം ആസ്വദിക്കാവുന്ന വിനോദ പരിപാടികളും പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ, നിയമോപദേശകൻ അഡ്വ. നസ്റുദ്ദീൻ, സെക്രട്ടറിമാരായ വി.എസ്. സുഭാഷ്, അബ്ദുൽ മനാഫ്, നിഷാദ് എന്നിവരും പങ്കെടുത്തു.



