അബുദാബി– ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്തോടെയുളള പുതിയ പാര്‍ക്കിംഗ് സംവിധാനവുമായി അബുദബി ഭരണകൂടം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്ത് ഉടമയുടെ സാലിക് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നതാണ് പുതിയ സംവിധാനം. ഇതിലൂടെ പാര്‍ക്കിംഗ് ഫീസ് അടക്കുന്നതായി വേണ്ടി വരുന്ന സമയം ലാഭിക്കാനാകും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത്തരം എഐ സേവനങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗതാഗത മേഖലയില്‍ നടപ്പിലാക്കി വരുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം. അല്‍ ഐനിലെയും അബുദബിയിലെയും 15ലധികം കേന്ദ്രങ്ങളിലായാണ് എഐ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ പാര്‍ക്കിങ് ഫീസ് അടയ്ക്കാനും സമയം ലാഭിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
വാഹനങ്ങള്‍ പാര്‍ക്കിംഗ് ഏര്യയകളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ക്യാമറകള്‍ നമ്പര്‍ സ്‌കാന്‍ ചെയ്യും. വാഹനം എത്തുന്നതും പോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന രീതിയിലാണ് ക്രമീകരണം. വാഹന ഉടമയുടെ സാലിക് അക്കൗണ്ടില്‍ നിന്നോ മവാഖിഫ് അക്കൗണ്ടില്‍ നിന്നോ ആയിരിക്കും തുക ഈടാക്കുക.
യാസ് മാള്‍, അല്‍ വഹ്ദ മാള്‍, ദല്‍മ മാള്‍, ഡബ്ല്യുടിസി മാള്‍ തുടങ്ങിയ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലും ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍, ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കല്‍ സിറ്റി എന്നിവിടങ്ങളിലും സാദിയാത്ത് ബീച്ച്, റീം പാര്‍ക്ക്, അല്‍ ബതീന്‍ മറീന തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും എഐ പാര്‍ക്കിംഗ് സംവിധാനം ഇപ്പോള്‍ ലഭ്യമാണ്. കുടൂതല്‍ കേന്ദ്രങ്ങളില്‍ പുതിയ പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.



