ദോഹ– ബുധനാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ പ്രേക്ഷകരില്ലാതെ നടന്ന സൗഹൃദ മത്സരത്തിൽ ഖത്തറിനെ സമനിലയിൽ തളച്ച് ബഹ്‌റൈൻ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാർക്ക് വേണ്ടി മുഹമ്മദ് മുന്താരി, അഹ്മദ് അലാഎൽദിൻ എന്നിവർ ഗോൾ നേടിയത്. സന്ദർശകർക്ക് വേണ്ടി കാമിൽ അൽ-അസ്വാദ്, ഇബ്രാഹീം അൽ-ഖത്താൽ എന്നിവരാണ് ഗോൾ നേടിയത്.
വരാനിരിക്കുന്ന ലോകകപ്പ് പ്ലേ-ഓഫിന് മുന്നോടിയായി ഞായറാഴ്ച ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ റഷ്യക്കെതിരെയാണ് അടുത്ത സൗഹൃദ മത്സരം. 2026 ലോകകപ്പ് നാലാം റൗണ്ട് പ്ലേ-ഓഫിൽ ഖത്തർ ഒമാനും യുഎഇയും ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഖത്തറിന്റെ സ്ഥാനം. ഒക്ടോബർ 8-ന് ഒമാനെയും ഒക്ടോബർ 14-ന് യുഎഇയെയും നേരിടും. ഗ്രൂപ്പ് ജേതാക്കൾ നേരിട്ട് 2026 ലോകകപ്പിലേക്ക് യോഗ്യത നേടും. രണ്ടാം സ്ഥാനക്കാർ നവംബർ 13, 18 തീയതികളിൽ സൗദി, ഇന്തോനേഷ്യ, ഇറാഖ് രണ്ടു പാദങ്ങളുള്ള പ്ലേ-ഓഫിൽ കളിക്കും. അതിൽ വിജയിക്കുന്നവർക്ക് ലോകകപ്പ് പ്രവേശനത്തിനായുള്ള ഫിഫ പ്ലേ-ഓഫ് ടൂർണമെന്റിൽ പങ്കെടുക്കാം.
എന്നാൽ ബഹ്‌റൈൻ ലക്ഷ്യമിടുന്നത്, ഡിസംബർ 1 മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിനാണ്. ഇതിനു മുന്നോടിയായി തിങ്കളാഴ്ച യുഎഇക്കെതിരെയും നവംബറിൽ ജിബൂട്ടിയെതിരെയും സൗഹൃദ മത്സരങ്ങൾ കളിക്കും.