അബുദാബി – യു.എ.ഇയില്‍ ജുമുഅ ഖുതുബയുടെയും നമസ്‌കാരത്തിന്റെയും സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി ഇസ്‌ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്റ് സക്കാത്ത് ജനറല്‍ അതോറിറ്റി അറിയിച്ചു.
2026 ജനുവരി 2 വെള്ളിയാഴ്ച മുതല്‍ യു.എ.ഇയിലുടനീളമുള്ള മസ്ജിദുകളില്‍ ഇത് പ്രാബല്യത്തില്‍വരും. പുതിയ സമയക്രമം അനുസരിച്ച് ജുമുഅ ഖുതുബയും നമസ്‌കാരവും ഉച്ചക്ക് 12.45 ന് നടക്കും. ഖുതുബ നഷ്ടപ്പെടാതിരിക്കാന്‍ പള്ളികളില്‍ നേരത്തെ എത്താന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത അതോറിറ്റി, പൂര്‍ണ പ്രതിഫലം നേടുന്നതിന് കൃത്യസമയത്ത് ജുമുഅയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. മികച്ച സംഘാടനത്തെ പിന്തുണക്കാനും എല്ലാ വിശ്വാസികള്‍ക്കും സ്ഥിരത ഉറപ്പാക്കാനുമായി രാജ്യവ്യാപകമായി ജുമുഅ നമസ്‌കാര സമയം ക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.



