മനാമ – ബഹ്‌റൈന്‍ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്ത ഇറാന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ സിത്ര പ്രദേശത്ത് പതിച്ച് നാല് സ്വദേശികള്‍ക്ക് നിസ്സാര പരിക്കേറ്റതായും ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവില്‍ ഡിഫന്‍സ്, നാഷണല്‍ ആംബുലന്‍സ് ടീമുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തതായി മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഈജിപ്തുകാരന്‍ മരണപ്പെടുകയും രണ്ടു ഈജിപ്തുകാര്‍ക്കും രണ്ടു പാകിസ്ഥാനികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായി യു.എ.ഇ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ രണ്ട് തീപിടുത്തങ്ങള്‍ ഉണ്ടായതായും അടിയന്തിര പ്രതികരണ സംഘങ്ങള്‍ സംഭവം വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്തതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ വിശദീകരിച്ചു. പ്ലാന്റിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ വ്യാപ്തിയെ കുറിച്ചുള്ള വിലയിരുത്തലുകളും പരിശോധനയും ഇപ്പോഴും തുടരുകയാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണമെന്നും കിംവദന്തികളും വിശ്വസനീയമല്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.



