ജിദ്ദ – പ്രമുഖ പണ്ഡിതനും പ്രബോധകനും മുസ്‌ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറലും ശൂറ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റുമായ (ഡെപ്യൂട്ടി സ്പീക്കര്‍) ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തരിച്ചു. വിദ്യാഭ്യാസം, ഗവേഷണം, പ്രബോധനം രാഷ്ട്രസേവനം എന്നീ മേഖലകളില്‍ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവന സമ്പന്നമായ പ്രയാണം പൂര്‍ത്തിയാക്കിയ കര്‍മയോഗി ഇന്ന് രാവിലെയാണ് അന്തരിച്ചത്.
1939 ല്‍ ജിദ്ദയില്‍ ജനിച്ച ഡോ. അബ്ദുല്ല ഉമര്‍ നസീഫ് ജിദ്ദയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി റിയാദ് കിംഗ് സൗദ് സര്‍വകലാശാലയില്‍ ചേര്‍ന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് വിദേശത്ത് ബിരുദ പഠനം തുടര്‍ന്ന് ഭൂമിശാസ്ത്ര മേഖലയില്‍ ഡോക്ടറേറ്റ് നേടി സര്‍വകലാശാല പ്രൊഫസറായും ജിയോളജി മേഖലയിലെ പ്രമുഖ ഗവേഷകനായും രാജ്യത്ത് തിരിച്ചെത്തി.
അക്കാദമിക് മേഖലയില്‍ പല പദവികള്‍ വഹിച്ച് മുന്നേറി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാല അക്കാദമിക് പ്രോഗ്രാമുകളുടെ വികസനത്തിനും കോളേജുകളുടെയും ഗവേഷണ വകുപ്പുകളുടെയും വിപുലീകരണത്തിനും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. ശാസ്ത്രീയവും സാംസ്‌കാരികവുമായ സംരംഭങ്ങള്‍ക്ക് മുന്‍കൈയെടുത്തുകൊണ്ട് യൂനിവേഴ്‌സിറ്റിയെ സമൂഹവുമായി ബന്ധിപ്പിക്കാനും അദ്ദേഹം പ്രവര്‍ത്തിച്ചു.
മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ച് നടത്തിയ നിസ്തുല ശ്രമങ്ങള്‍ ആഗോള തലത്തില്‍ പ്രശസ്തി നേടിക്കൊടുത്തു. മുസ്‌ലിം പ്രശ്‌നങ്ങള്‍ക്കു വേണ്ടി പ്രതിരോധം തീര്‍ത്തും വ്യത്യസ്ത ജനവിഭാഗങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണത്തിനും ധാരണക്കും ആഹ്വാനം ചെയ്തും നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഫോറങ്ങളിലും സൗദി അറേബ്യയെ പ്രതിനിധീകരിച്ചു. പ്രസിദ്ധീകരണങ്ങള്‍, പ്രഭാഷണങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കല്‍ എന്നിവയുള്‍പ്പെടെ ശ്രദ്ധേയമായ പണ്ഡിത-ബൗദ്ധിക പാരമ്പര്യം അവശേഷിപ്പിച്ചാണ് ഡോ. അബ്ദുല്ല ഉമര്‍ നസീഫ് വിടവാങ്ങിയത്. സമതുലിതവും മിതത്വപരവുമായ സമീപനത്തിലൂടെയും മിതത്വത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള സ്ഥിരമായ ആഹ്വാനത്തിലൂടെയും അദ്ദേഹം വ്യത്യസ്ത പുലര്‍ത്തി. ഇത് ഇസ്‌ലാമിക ലോകത്തെ പണ്ഡിതര്‍ക്കും ചിന്തകര്‍ക്കും ഇടയില്‍ അദ്ദേഹത്തിന് വ്യാപകമായ ആദരവ് നേടിക്കൊടുത്തു.
ഇന്ന് വൈകീട്ട് അസര്‍ നമസ്‌കാരാനനന്തരം ജിദ്ദ ജുഫാലി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടത്തി അല്‍അസദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവു ചെയ്യും. ഭാര്യ: ഹിന്ദ് ബിന്‍ത് അബ്ദുല്‍ വഹാബ് ബാനാജ. ഡോ. ഉമര്‍, മുഹമ്മദ്, ആയിശ, ഖദീജ, മഹ്മൂദ് എന്നിവര്‍ മക്കളാണ്. ജിദ്ദ അല്‍ശാത്തി ഡിസ്ട്രിക്ടിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്ട്രീറ്റിലെ അല്‍ഖുസാമ ടവേഴ്സിലെ കുടുംബ വീട്ടില്‍ അനുശോചനം അറിയിക്കാന്‍ എത്തുന്നവരെ കുടുംബാഗങ്ങള്‍ സ്വീകരിക്കും.