ഷാർജ– വാടകയ്ക്കെടുത്ത കാർ വ്യാജരേഖകൾ ഉപയോഗിച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 36 വയസ്സുകാരനായ അറബ് പൗരന് ഷാർജ കോടതി തടവുശിക്ഷ വിധിച്ചു. ആറുമാസം തടവും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. വാഹനത്തിന്റെ രേഖകളിൽ തിരിമറി നടത്തി ദുബൈയിലെ തുറമുഖം വഴി വിദേശത്തേക്ക് കയറ്റി അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കാർ കൃത്യസമയത്ത് തിരിച്ചേൽപ്പിക്കാതിരിക്കുകയും യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തതോടെ കാർ റെന്റൽ കമ്പനി അധികൃതർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. വാഹനത്തിലുണ്ടായിരുന്ന ജിപിഎസ് സംവിധാനം ഉപയോഗിച്ച് കമ്പനി നടത്തിയ അന്വേഷണം ഒരു ട്രക്ക് ഡ്രൈവറിലേക്കാണ് എത്തിയത്. പ്രതി കാർ വിദേശത്തേക്ക് അയക്കുന്നതിനായി തുറമുഖത്ത് എത്തിക്കാൻ തനിക്ക് കൈമാറിയതാണെന്ന് ട്രക്ക് ഡ്രൈവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ അവയിൽ മാറ്റങ്ങൾ വരുത്തിയതായും വ്യാജരേഖകൾ ചമച്ചതായും അധികൃതർ കണ്ടെത്തി. ഇതിനിടെ പ്രതിയെ ബന്ധപ്പെട്ടപ്പോൾ കാർ തന്റെ കൈവശം തന്നെയുണ്ടെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ഇയാൾ കള്ളം പറയുകയും ചെയ്തു. വിചാരണ വേളയിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും ട്രക്ക് ഡ്രൈവറുമായി കരാറൊന്നുമില്ലെന്നും പ്രതി വാദിച്ചെങ്കിലും ജിപിഎസ് വിവരങ്ങളും സാക്ഷിമൊഴികളും രേഖകളും അടിസ്ഥാനമാക്കി കോടതി ഇയാൾക്ക് ശിക്ഷ വിധിക്കുകയായിരുന്നു.



