ജിദ്ദ – കഴിഞ്ഞ വര്‍ഷം വിദേശ വിനോദസഞ്ചാരികള്‍ സൗദി അറേബ്യയില്‍ 15,990 കോടി റിയാല്‍ ചെലവഴിച്ചതായി ടൂറിസം മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തി. വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ധനവിനിയോഗമാണിത്. സൗദി ടൂറിസ്റ്റുകള്‍ വിദേശ രാജ്യങ്ങളിലും വിദേശ വിനോദസഞ്ചാരികള്‍ സൗദിയിലും നടത്തിയ ധനവിനിയോഗത്തെ അടിസ്ഥാനമാക്കിയിലുള്ള ബാലന്‍സ് ഓഫ് പേയ്മെന്റിലെ വാര്‍ഷിക മിച്ചം 4,940 കോടി റിയാലിലെത്തി. ഇത് ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നു. 2024 ല്‍ സൗദിയില്‍ വിദേശ ടൂറിസ്റ്റുകളുടെ ആകെ ധനവിനിയോഗം 15,360 കോടി റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 15,990 റിയാലായി ഉയര്‍ന്നു. വിദേശ ടൂറിസ്റ്റുകളുടെ സൗദിയിലെ ധനവിനിയോഗത്തില്‍ 2025 ല്‍ 4.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഈ വര്‍ഷം ആദ്യ പാദത്തിലെ ടൂറിസം മേഖലയുടെ പ്രകടനവും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ആദ്യ പാദത്തില്‍ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ ആഭ്യന്തര വിനോദസഞ്ചാര മേഖലാ വളര്‍ച്ച 16 ശതമാനം കവിഞ്ഞു. ഇത് ടൂറിസം മേഖലയുടെ ശക്തിയും തുടര്‍ച്ചയായ വളര്‍ച്ചാ ആക്കവും എടുത്തുകാണിക്കുന്നു.



