മസ്കത്ത്: ഒമാനിൽ ഇന്ന് (ഞായറാഴ്ച) ഉണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒഴുകിപ്പോയി ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ ആറ് വിദ്യാർത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉൾപ്പെടുന്നുവെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കാണാതായ എട്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും ഒമാൻ വാർത്താ ഏജൻസി കൂട്ടിച്ചേർത്തു.
കനത്ത മഴയെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. നേരത്തെ അൽ മുദൈബിയിലെ വാദി അൽ ബത്തയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പോലീസ് ട്വീറ്റിൽ അറിയിച്ചു.
വെള്ളപ്പൊക്കത്തിലും റോഡുകളിലും സബ്‌വേകളിലും സ്‌കൂളുകളിലും റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളിലും കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷാപ്രവർത്തകർ മോചിപ്പിച്ചു. വെള്ളത്തിനടിയിലായ പല സ്ഥലങ്ങളിൽ നിന്നുമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അതിനിടെ, വാദി സമദ് അൽ ഷാനിൽ ജലനിരപ്പ് അഭൂതപൂർവമായി കൂടി. റോയൽ ഒമാൻ പോലീസ്, റോയൽ ആർമി ഓഫ് ഒമാൻ, സിവിൽ ഡിഫൻസ് അതോറിറ്റി, ആംബുലൻസ് എന്നിവയുടെ ഫീൽഡ് ടീമുകൾ സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ശക്തമായ ഒഴുക്കിൽ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി.