ജിദ്ദ – വിദേശികള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ അനുമതി അടക്കം അഞ്ച് പ്രധാന തീരുമാനങ്ങള്‍ പുതുവത്സര ദിനത്തില്‍ സൗദിയില്‍ പ്രാബല്യത്തില്‍ വരും. ലോജിസ്റ്റിക്‌സ് സര്‍വീസ്, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപം, വ്യവസായം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളെ ബാധിക്കുന്ന തീരുമാനങ്ങള്‍ പുതുവര്‍ഷത്തില്‍ നടപ്പാക്കും. ജീവിത നിലവാരം ഉയര്‍ത്താനും സേവന മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ചയെയും രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തെയും പിന്തുണക്കാനുമാണ് ഈ തീരുമാനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വിദേശികള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ അനുമതി
വിദേശികള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ അനുമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ച നിയമം അടുത്ത മാസം ആദ്യം നിലവില്‍വരും. പ്രത്യേകം നിര്‍ണയിച്ച മേഖലകളില്‍ നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്ക് അനുസൃതമായി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും രാജ്യത്തിലെ എല്ലാ നഗരങ്ങളിലും വാണിജ്യ, വ്യാവസായിക, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റുകളും സ്വന്തമാക്കാന്‍ വിദേശികൾക്ക് ഇതുവഴി സാധിക്കും. മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ ഉടമസ്ഥാവകാശം ഈ നിയമം ഒഴിവാക്കുന്നു. ഇവിടങ്ങളില്‍ പ്രത്യേകം നിര്‍ണയിക്കുന്ന സ്ഥലങ്ങളില്‍ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ച് വിദേശികള്‍ക്ക് റെസിഡന്‍ഷ്യല്‍ യൂണിറ്റ് ഉടമസ്ഥാവകാശം അനുവദിക്കും. അംഗീകൃത വ്യവസ്ഥകള്‍ക്കനുസരിച്ച് വിദേശികള്‍ക്ക് ഒരു റെസിഡന്‍ഷ്യല്‍ യൂണിറ്റ് സ്വന്തമാക്കാന്‍ അനുവാദമുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാട് മൂല്യത്തിന്റെ 10 ശതമാനം വരെ ഫീസ് വിദേശികള്‍ക്ക് ബാധകമായിരിക്കും. നിയമ ലംഘനങ്ങള്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴ ഈടാക്കും. നഗര വികസനത്തെ പിന്തുണക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിലക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനും മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനും ആഗോള പ്രതിഭകളെ ആകര്‍ഷിക്കാനും നിയമത്തിലൂടെ ലക്ഷ്യമിടുന്നു.
കാലിസ്ഥലങ്ങള്‍ക്കുള്ള (വൈറ്റ് ലാന്‍ഡ്) ഫീസ്
ഭവന, വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്കൊന്നും പ്രയോജനപ്പെടുത്താതെ കാലിയായി കിടക്കുന്ന സ്ഥലങ്ങള്‍ക്ക് ഫീസ് ബാധകമാക്കുന്ന പ്രോഗ്രാം പ്രകാരം റിയാദിലെ യോഗ്യമായ ഭൂമിക്ക് ആദ്യത്തെ ഫീസ് ഇന്‍വോയ്സുകള്‍ ജനുവരി ഒന്നു മുതല്‍ നല്‍കും. നഗര വികസന മുന്‍ഗണനയെ അടിസ്ഥാനമാക്കി അഞ്ച് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ 5,000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള ഭൂമിക്ക് ഫീസ് ബാധകമാകും. ഏറ്റവും ഉയര്‍ന്ന മുന്‍ഗണനാ മേഖലകളില്‍ ഭൂമിയുടെ മൂല്യത്തിന്റെ 10 ശതമാനം മുതല്‍ ആരംഭിക്കുന്ന ഫ്രീസ് കമേണ 2.5 ശതമാനം വരെയായി കുറയുന്നു. മുന്‍ഗണനാ മേഖലകള്‍ക്ക് പുറത്തുള്ള ചില സ്ഥലങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിപണി സ്ഥിരതക്കും, ആവശ്യത്തിനും ലഭ്യതക്കും ഇടയിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനും സഹായിക്കുന്ന നിലക്ക് കാലിസ്ഥലങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക, കുത്തകകള്‍ കുറക്കുക, റിയല്‍ എസ്റ്റേറ്റ് ലഭ്യത വര്‍ധിപ്പിക്കുക എന്നിവയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ഭൂമി വികസിപ്പിക്കാനായി ഗ്രേസ് പിരീഡ് ആവശ്യപ്പെടാനുള്ള അവകാശവും വിജ്ഞാപനം ലഭിച്ച് 60 ദിവസത്തിനുള്ളില്‍ ഇന്‍വോയ്സുകളില്‍ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശവും ഭൂവുടമകള്‍ക്ക് നിയമം ഉറപ്പുനല്‍കുന്നു.
പാനീയങ്ങള്‍ക്കുള്ള പഞ്ചസാര നികുതി
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്കുള്ള പുതിയ നികുതി നയം ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് കഴിഞ്ഞ നവംബറില്‍ അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ നവീകരിക്കാനും വികസിപ്പിക്കാനും വ്യാവസായിക മേഖലയെ പ്രാപ്തമാക്കുന്നതിനും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലെ വിപുലമായ ഏകോപനത്തോടെയാണ് പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്കുള്ള നികുതി പരിഷ്‌കാരം അംഗീകരിച്ചതെന്ന് മന്ത്രി സൂചിപ്പിച്ചു. നിലവിലെ ഫ്‌ളാറ്റ് നികുതി രീതിക്കു പകരം പാനീയങ്ങളിലെ പഞ്ചസാരയുടെ അളിവിനനുസരിച്ച് നികുതി ചുമത്തുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് കൂടുതല്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയും കുറഞ്ഞ മധുരം ചേര്‍ക്കുന്ന പാനീയങ്ങള്‍ക്ക് കുറഞ്ഞ നികുതിയുമായിരിക്കും ബാധകം.
പാഴ്‌സല്‍ ഡെലിവറിയെ ദേശീയ വിലാസവുമായി ബന്ധിപ്പിക്കല്‍
സ്വീകര്‍ത്താവിന്റെ കൃത്യമായ ദേശീയ വിലാസം (നാഷണല്‍ അഡ്രസ്സ്) ഇല്ലാത്ത പാഴ്‌സലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഡെലിവറി ചെയ്യുന്നതില്‍ നിന്നും പാഴ്‌സല്‍ ഡെലിവറി കമ്പനികളെ വിലക്കുന്ന തീരുമാനം 2026 ജനുവരി മുതല്‍ നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഉദ്ദേശിക്കുന്നു. ഡെലിവറി പ്രക്രിയകളുടെ കാര്യക്ഷമതയും വേഗതയും വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഡെലിവറി ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള അനാവശ്യ സമ്പര്‍ക്കം കുറക്കാനും ഇ-കൊമേഴ്സ് വളര്‍ച്ചയെ പിന്തുണക്കാനും ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന്റെ ലക്ഷ്യങ്ങളുമായി ഈ തീരുമാനം യോജിക്കുന്നു. ഈ മേഖലയിലെ ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാന്‍ ഇത് സഹായിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അബ്ശിര്‍, തവക്കല്‍നാ, സിഹത്തീ, സുബുല്‍ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ ദേശീയ വിലാസങ്ങള്‍ അറിയാനും അപ്ഡേറ്റ് ചെയ്യാനും കഴിയും.
ഗാര്‍ഹിക തൊഴിലാളികളുടെ വേതന കൈമാറ്റം
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം അംഗീകൃത ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി ഇലക്‌ട്രോണിക് രീതിയില്‍ ട്രാന്‍സ്ഫര്‍ ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ജനുവരി മുതല്‍ സൗദിയിലുള്ള മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികളുടെയും വേതനം അംഗീകൃത ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി ഇലക്‌ട്രോണിക് രീതിയില്‍ ട്രാന്‍സ്ഫര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് നിലവില്‍വന്നിരുന്നു. സൗദിയിലേക്ക് പുതിയ വിസയില്‍ റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍വന്ന രണ്ടാം ഘട്ടത്തില്‍ നാലും അതിലധികവും വീട്ടുജോലിക്കാരുള്ള തൊഴിലുടമകളെയും ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്ന മൂന്നാം ഘട്ടത്തില്‍ മൂന്നും അതിലധികവും വീട്ടുജോലിക്കാരുള്ള തൊഴിലുടമകളെയും 2025 ഒക്‌ടോബര്‍ ഒന്നിന് നിലവില്‍ വന്ന നാലാം ഘട്ടത്തില്‍ രണ്ടോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴിലുടമകളെയും പദ്ധതി പരിധിയില്‍ ഉള്‍പ്പെടുത്തി.
ശമ്പളവുമായി ബന്ധപ്പെട്ട ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കാനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ സുതാര്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റല്‍ വാലറ്റുകള്‍, പങ്കാളിത്ത ബാങ്കുകള്‍ തുടങ്ങിയ അംഗീകൃത ഔദ്യോഗിക ചാനലുകള്‍ അംഗീകരിച്ച് വേതന വിതരണ പ്രക്രിയകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നിര്‍ണായക ഘട്ടമാണ് മുസാനിദ് പ്ലാറ്റ്ഫോം വഴിയുള്ള ഇലക്‌ട്രോണിക് ശമ്പള ട്രാന്‍സ്ഫര്‍ സേവനം. എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കലും നടപടിക്രമങ്ങള്‍ സുഗമമാക്കലും ഇത് ഉറപ്പാക്കുന്നു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗാര്‍ഹിക തൊഴിലാളി മേഖല വികസിപ്പിക്കാനും ഇത് സഹായിക്കുന്നു.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം അവസാനിപ്പിക്കുമ്പോഴും തൊഴിലാളി സ്വദേശത്തേക്ക് തിരിച്ചുപോകുമ്പോഴും തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ വേതന സുരക്ഷാ പദ്ധതി തൊഴിലുടമയെ സഹായിക്കുന്നു. തൊഴിലാളിക്ക് മുടങ്ങാതെ ശമ്പളം ലഭിക്കുന്നുവെന്നും ഇത് ഉറപ്പാക്കുന്നു. ഔദ്യോഗിക ചാനലുകള്‍ വഴി എളുപ്പത്തിലും സുരക്ഷിതമായും സ്വന്തം നാട്ടിലുള്ള കുടുംബത്തിന് പണം അയക്കാനും ഈ സേവനം ഗാര്‍ഹിക തൊഴിലാളികളെ സഹായിക്കുന്നു.
അനുയോജ്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും സുതാര്യത വര്‍ധിപ്പിക്കാനും സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്താനും ലക്ഷ്യമിട്ട് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയതിനു പിന്നാലെയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും സമാന പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ സൂചികയില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും ബിനാമി ബിസിനസുകള്‍ക്ക് തടയിടാനും പണമിടപാടുകള്‍ ആശ്രയിക്കുന്നത് കുറക്കാനും, വിദേശികള്‍ക്ക് സുരക്ഷിതവും ആകര്‍ഷകവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും തൊഴില്‍ കേസുകള്‍ ഗണ്യമായി കുറക്കാനും വേതന സുരക്ഷാ പദ്ധതി സഹായിച്ചു.



