ദോഹ – നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം കേസുകളില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ക്കനുസൃതമായി, നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പൊതുസുരക്ഷ വര്‍ധിപ്പിക്കാനും സമൂഹത്തെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് എല്ലാത്തരത്തിലും വലുപ്പത്തിലും സാങ്കേതികവിദ്യകളിലുമുള്ള ഡ്രോണുകളുടെ ഉപയോഗം, പ്രവര്‍ത്തിപ്പിക്കല്‍, വിക്ഷേപണം എന്നിവ നിരോധിച്ചത്. ഇത് രാജ്യത്തിന്റെ എല്ലാ പ്രവിശ്യകള്‍ക്കും ബാധകമാണ്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് ബാധകമാണ്.
ഡ്രോണുകളുടെ ഉപയോഗം, പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കല്‍, പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കല്‍ എന്നിവ നിയമപരമായ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന വ്യക്തമായ നിയമ ലംഘനമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീരുമാനം ലംഘിക്കുന്ന ഏതൊരാള്‍ക്കും എതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.



