റിയാദ്: ശിരസ്സുകൾ ഒട്ടിപ്പിടിച്ച നിലയിൽ പിറന്നുവീണ ഫിലിപ്പിനോ സയാമിസ് സഹോദരിമാരായ ക്ലിയ ആൻ മിസയും മൗറീസ് ആൻ മിസയും വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിൽ എത്തി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉടനെ ഇരട്ടകളെ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇരുവരെയും വേർപ്പെടുത്താനുള്ള സാധ്യത പഠിക്കാൻ മെഡിക്കൽ സംഘം പരിശോധനകൾ നടത്തിവരികയാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം സൗദി സയാമിസ് പ്രോഗ്രാമിന്റെ ഭാഗമായി വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ക്ലിയ ആനെയും മൗറീസ് ആനെയും മാതാപിതാക്കളോടൊപ്പം മനിലയിൽ നിന്ന് വിമാന മാർഗം റിയാദിൽ എത്തിക്കുകയായിരുന്നു. ഫിലിപ്പൈൻസിൽ നിന്ന് സൗദി സയാമിസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്ന മൂന്നാമത്തെ സയാമിസ് ഇരട്ടകളാണ് ഇവർ.
റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയാണ് സൗദി സയാമിസ് പ്രോഗ്രാം മെഡിക്കൽ, സർജിക്കൽ ടീമിനെ നയിക്കുന്നത്. തങ്ങൾക്ക് ലഭിച്ച ഉദാരമായ പരിചരണത്തിനും ഊഷ്മളമായ സ്വീകരണത്തിനും സമഗ്രമായ വൈദ്യസഹായത്തിനും സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും ഇരട്ടകളുടെ മാതാപിതാക്കൾ അഗാധമായ നന്ദി അറിയിച്ചു.
ഏഴ് വർഷം മുമ്പ് തന്റെ കുഞ്ഞുങ്ങൾ ജനിച്ചതു മുതൽ, ഒരു ദിവസം ആരെങ്കിലും തന്റെ കുട്ടികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കണമെന്ന് താൻ പ്രാർത്ഥിച്ചുവരികയായിരുന്നെന്ന് ഇരട്ടകളുടെ അമ്മ മാരിസെൽ മിസ പറഞ്ഞു. മധ്യ ഫിലിപ്പൈൻസിലെ മിൻഡോറോ ഓറിയന്റൽ പ്രവിശ്യയിലെ ലുബാംഗ് ദ്വീപിൽ ഭർത്താവിനൊപ്പം ചെറിയ കട നടത്തുന്ന മാരിസെൽ മിസക്ക്, ഇരട്ടകളെ ചെലവേറിയ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ല. മനിലയിലെ സൗദി എംബസിയിൽ നിന്ന് വിളിച്ച് സൗദി അറേബ്യ സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ ഇവരുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചു.
സൗദിയിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ ഫിലിപ്പൈൻസിൽ നിന്നുള്ള സയാമിസ് ഇരട്ടകളെ കുറിച്ച് സൗദി അറേബ്യയിൽ നിന്നുള്ള ഒരു പോസ്റ്റ് ഞങ്ങൾ കണ്ടു. ഞങ്ങൾക്കും സഹായം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് പോസ്റ്റിനു താഴെ ഞാൻ കമന്റ് ചെയ്തു. ആരോ എന്റെ കമന്റ് ശ്രദ്ധിക്കുകയും എന്നെ ബന്ധപ്പെടുകയും ചെയ്തുവെന്ന് മാരിസെൽ മിസ പറഞ്ഞു.
സയമാമിസ് ഇരട്ടകൾക്ക് പരിചരണം നൽകാൻ 1990-ൽ സ്ഥാപിതമായതിനു ശേഷം, സൗദി സയാമിസ് പ്രോഗ്രാം 64 സയാമിസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തിയിട്ടുണ്ട്. 27 രാജ്യങ്ങളിൽ നിന്നുള്ള സയാമിസ് ഇരട്ടകളെ സൗദി പ്രോഗ്രാമിനു കീഴിൽ ഇതിനകം വേർപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തിയഞ്ചു വർഷത്തിനിടെ 149 സയാമിസ് ഇരട്ടകൾക്ക് സൗദി അറേബ്യ ആരോഗ്യ പരിചരണങ്ങൾ നൽകിയിട്ടുണ്ട്.
ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ പ്രിൻസസ് ആൻ, പ്രിൻസസ് മായ് മാൻസ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. അടിവയറും ഇടുപ്പും ഒട്ടിപ്പിടിച്ച നിലയിലുള്ള അവരെ 2004 മാർച്ചിൽ ഡോ. അബ്ദുല്ല അൽറബീഅയും സംഘവും വേർപെടുത്തി. നെഞ്ചിന്റെ അടിഭാഗവും അടിവയറും കരളും ഒട്ടിപ്പിടിച്ച നിലയിലുള്ള രണ്ടാമത്തെ ഫിലിപ്പിനോ ജോഡിയായ അഖിസയെയും ആയിഷ യൂസുഫിനെയും 2024 സെപ്റ്റംബറിൽ വിജയകരമായി വേർപെടുത്തി.
വർണം, വംശം, മതം എന്നിവ പരിഗണിക്കാതെ മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ഉന്നതമായ ദൗത്യത്തിന് അനുസൃതമായി, വിവേചനമില്ലാതെയുള്ള സൗദി അറേബ്യയുടെ കാരുണ്യത്തിന്റെയും മാനവ ഐക്യദാർഢ്യത്തിന്റെയും തത്വങ്ങളെ പ്രതിഫലിപ്പിക്കുന്ന സൗദി സയാമിസ് പ്രോഗ്രാം ഏറ്റവും പ്രധാനപ്പെട്ട മാനുഷിക മാതൃകകളിൽ ഒന്നാണെന്നും ആഗോള ദുരിതാശ്വാസ പ്രതികരണത്തിന്റെ സ്തംഭമാണെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ശിരസ്സുകൾ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച എരിത്രിയൻ സയാമിസ് ഇരട്ടകളായ അസ്മാഇനെയും സുമയ്യയെയുമാണ് ഏറ്റവും ഒടുവിൽ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും വേർപ്പെടുത്തിയത്. പതിറ്റാണ്ടുകളായി തങ്കലിപികളിൽ ആലേഖനം ചെയ്ത തുടർച്ചയായ മെഡിക്കൽ വിജയങ്ങളും നേട്ടങ്ങളും സൗദി സയാമിസ് പ്രോഗ്രാം നൽകിയിട്ടുണ്ട്. സൗദി മെഡിക്കൽ മേഖല എത്തിച്ചേർന്ന ഉയർ പ്രൊഫഷണൽ നിലവാരത്തെയും പ്രാദേശിക മെഡിക്കൽ സ്റ്റാഫിന്റെ കഴിവിനെയും ഇത് സൂചിപ്പിക്കുന്നു.