മസ്കത്ത്– ഒമാനിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ തീപിടിത്തം ഗുരുതരമായ പ്രശ്‌നമായി മാറുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. 2024ൽ മാത്രം 1014 കൃഷിയിടങ്ങളിലെ തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്തതായി അതോറിറ്റി അറിയിച്ചു. 2023ൽ ഇതിന്റെ എണ്ണം 971 ആയിരുന്നു.
താപനില കൂടുക, രാസവളങ്ങൾ ശരിയായ രീതിയിൽ സംഭരിക്കാതിരിക്കുക, സുരക്ഷാനിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയാണ് തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്. കൂടാതെ കാർഷിക മാലിന്യങ്ങൾ അനിയന്ത്രിതമായി കത്തിക്കൽ, ഉണങ്ങിയ സസ്യാവശിഷ്ടങ്ങൾക്കടുത്ത് കത്തുന്ന വസ്തുക്കൾ സൂക്ഷിക്കൽ എന്നിവയും അപകടം വർദ്ധിപ്പിക്കുന്നതായും സിഡിഎഎ വ്യക്തമാക്കുന്നു.
ഫാം ഉടമകൾ ഉച്ച സമയങ്ങളിലോ, കാറ്റുള്ള ദിവസങ്ങളിലോ മാലിന്യം കത്തിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്നും, പാചകത്തിന്റെയും ഗ്രില്ലിംഗിന്റെയും ശേഷം തീ പൂർണമായും കെടുത്തണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. വേലികൾക്കായി അഗ്‌നി പ്രതിരോധ ശേഷിയുള്ള വസ്തുക്കൾ ഉപയോഗിക്കാനും മരങ്ങൾക്കടുത്ത് തീ കത്തിക്കുന്നത് ഒഴിവാക്കാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിസ്ഥാന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ തീപിടിത്തങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് സിഡിഎഎ അറിയിച്ചു