ദുബൈ– വ്യാജ മൈഗ്രേഷൻ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികളോട് തട്ടിയെടുത്ത തുക തിരികെ നൽകാൻ ഉത്തരവിട്ട് കോടതി. തട്ടിയെടുത്ത തുകയായ 1.65 ലക്ഷം ദിർഹം( ഏകദേശം 39 ലക്ഷം രൂപ) തിരികെ കൊടുത്തു തീർക്കുന്നതുവരെ നാലു ശതമാനം പലിശ നൽകണമെന്നും അബൂദബി കോടതി അറിയിച്ചു. ഇതിനു പുറമെ 10,000 ദിർഹം കോടതിക്ക് ലീഗൽ ഫീസായി നഷ്ടപരിഹാരം നൽകണമെന്നും കോടതി. പ്രതികളും തിരിച്ചറിയാത്ത കൂട്ടാളികളും ചേർന്നാണ് പരാതിക്കാരന് വിദേശ രാജ്യത്ത് ഇമിഗ്രേഷൻ വിസ നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി പണം തട്ടിയത്.
പ്രതികൾ പരാതിക്കാരനുമായി ഇമെയിലിലൂടെ ബന്ധപ്പെടുകയും കള്ളക്കഥകൾ പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം അയപ്പിക്കുകയായിരുന്നെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികൾ അബുദാബി ക്രിമിനൽ കോടതി ഇതിനു മുമ്പും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തർക്കും 1,00000 ദിർഹം കോടതി പിഴയും വിധിച്ചിരുന്നു. അന്യേഷണ റിപ്പോർട്ട്, ഇമെയിലുകൾ, ബാങ്ക് ട്രാൻസ്ഫർ റസിപ്റ്റ്, എന്നിവയാണ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടും പ്രതികൾ കോടതിയിൽ ഹാജരാകുകയോ തട്ടിയെടുത്ത തുക തിരികെ നൽകുകയോ ചെയ്തില്ല. തെളിവുകൾ ചൂണ്ടിക്കാട്ടി പ്രതികളെ കുറ്റക്കാരായി വിധിച്ച കോടതി മുഴുവൻ തുകയും തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു.