ദുബൈ– യു.എ.ഇയിലെ ഫൈസൽ നാമധാരികളുടെ കൂട്ടായ്മയായ ‘ഫൈസൽസ്’ ന്റെ വിന്റർ ഫെസ്റ്റ് സീസൺ-6 സംഘടിപ്പിച്ചു. അൽഐനിലെ മന്നത്ത് റിസോർട്ടിൽ നടന്ന പരിപാടികൾ രാവിലെ 11ന് ആരംഭിച്ച് രാത്രി എട്ടു മണിവരെ നീണ്ടുനിന്നു. കുട്ടികൾക്കും മുതിർന്നവർക്കും മാനസിക ഉല്ലാസം പകരുന്ന വിവിധ കലാ-കായിക മത്സരങ്ങൾ പരിപാടിക്ക് കൂടുതൽ ശോഭയേകി. യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക, വാണിജ്യ മേഖലകളിൽ തിളങ്ങിയ ഫൈസൽ നാമധാരികളായ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
നാദമേളങ്ങളുടെ അകമ്പടിയോടുകൂടി തുടങ്ങിയ വർണാഭമായ ഘോഷയാത്രയിൽ വിവിധ എമിറേറ്റുകളിൽനിന്നുള്ള അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ മുന്നൂറോളം പേർ പങ്കെടുത്തു. വൈകീട്ട് സംഗീത വിരുന്നും അരങ്ങേറി. പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി അറിയിച്ചുകൊണ്ട് അടുത്ത സീസണിലും വിപുലമായ പരിപാടികൾ അണിയിച്ചൊരുക്കുമെന്നും മാതൃകാപരവും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു



