ജിദ്ദ – എക്‌സ്‌പോ 2025 ഒസാക്ക സൗദി പവലിയന്‍ സന്ദര്‍ശകരുടെ എണ്ണം പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ തുറന്ന, എക്‌സ്‌പോ ഒസാക്കയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായ സൗദി പവലിയനില്‍ ഇരുപതു ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിച്ചു.
റിയാദ് കല്ല് കൊണ്ട് അലങ്കരിച്ച, രാജ്യത്തിന്റെ നാഗരികതയും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഹാളുകളും സൗദി സംഗീതം അവതരിപ്പിക്കുന്ന മുറ്റവും സൗദി അറേബ്യയുടെ അന്തരീക്ഷം അടുത്തറിയാന്‍ സന്ദര്‍ശകരെ സഹായിക്കുകയും സവിശേഷ അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു. വൈവിധ്യവും സമ്പന്നവുമായ 2,400 ലേറെ കലാപരിപാടികളും സൗദി പവലിയനില്‍ നടക്കുന്നു. ഇതില്‍ 2,000 പരിപാടികള്‍ പവലിയനകത്തും 400 പരിപാടികള്‍ എക്‌സ്‌പോ ഒസാക്കയിലെ ഏറ്റവും വലിയ ഇവന്റ് ഹാളുകളിലുമാണ് നടക്കുന്നത്. ഇവ രാജ്യത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, നാഗരിക സ്ഥാനം വ്യക്തമാക്കുന്നു.
സൗദി പവലിയന്‍ സന്ദര്‍ശകരുടെ എണ്ണം ഇരുപതു ലക്ഷം കവിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് ജപ്പാനിലെ സൗദി അംബാസഡറും സൗദി പവലിയന്‍ കമ്മീഷണര്‍ ജനറലുമായ ഡോ. ഗാസി ബിന്‍ ഫൈസല്‍ ബിന്‍ സഖര്‍ പറഞ്ഞു. ഇത് ജപ്പാനുമായും ലോക രാജ്യങ്ങളുമായുമുള്ള സൗദി അറേബ്യയുടെ ബന്ധത്തിന്റെ കരുത്ത് പ്രതിഫലിപ്പിക്കുന്നു.
സൗദി പവലിയന്‍ സൗദി അറേബ്യയുടെ പുരാതന സംസ്‌കാരത്തെ പ്രകടിപ്പിക്കുന്ന ജീവസുറ്റ സ്പന്ദനമാണെന്നും രാജ്യം കടന്നുപോകുന്ന മഹത്തായ പരിവര്‍ത്തന യാത്രയെ എടുത്തുകാണിക്കുന്നതായും ഭാവിയില്‍ നല്ല സ്വാധീനം ചെലുത്തുന്നതില്‍ സൗദി അറേബ്യയുടെ പങ്ക് സ്ഥിരീകരിക്കുന്നതായും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
എക്‌സ്‌പോ ഒസാക്കയില്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ വിദേശ പവലിയനാണ് സൗദി പവലിയന്‍. ആതിഥേയ രാജ്യമായ ജപ്പാന് പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ പവലിയനാണ് സൗദിയുടെത്. പരമ്പരാഗത പ്രദര്‍ശനങ്ങള്‍ മുതല്‍ ഏറ്റവും പുതിയ സംവേദനാത്മക സാങ്കേതിക വിദ്യകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഹാളുകളും ഉള്ളടക്കവും ഇവിടെയുണ്ട്. 1,546 ഔദ്യോഗിക പ്രതിനിധി സംഘങ്ങളും സൗദി പവലിയന്‍ സന്ദര്‍ശിച്ചു.
ജൂണ്‍ 17 ന് സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡുകള്‍ ഭേദിച്ചു. അന്ന് 24,142 സന്ദര്‍ശകര്‍ സൗദി പവലിയനിലെത്തി. ഇര്‍ഥ് റെസ്റ്റോറന്റും കഫേയും 18,000 ല്‍ അധികം അതിഥികളെ സ്വാഗതം ചെയ്യുകയും 1,20,000 കപ്പ് കാപ്പി വിതരണം നടത്തുകയും ചെയ്തു. സൗദി പവലിയന്‍ എക്‌സ്‌പോ സന്ദര്‍ശകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറിയെന്ന് ഇത് സ്ഥിരീകരിക്കുന്നു.
ഫോസ്റ്റര്‍ ആന്റ് പാര്‍ട്‌ണേഴ്‌സ് രൂപകല്‍പ്പന ചെയ്ത രൂപകല്‍പ്പന ചെയ്ത സൗദി പവലിയന്‍ സൗദി വാസ്തുവിദ്യാ അടയാളങ്ങളുടെ പരമ്പരയില്‍ ഉള്‍പ്പെടുത്തുന്ന വാസ്തുവിദ്യാ നേട്ടമാണ്. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും സംസ്‌കാരത്തെയും ഉയര്‍ത്തിക്കാട്ടുന്ന പവലിയന്‍ സുസ്ഥിരതക്കും സാമൂഹിക ശാക്തീകരണത്തിനുമുള്ള അഭിലാഷ ലക്ഷ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആഴത്തിലുള്ള, സംവേദനാത്മക അനുഭവമാണ് നല്‍കുന്നത്.
2025 ലെ ന്യൂയോര്‍ക്ക് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ അവാര്‍ഡ്‌സില്‍ കള്‍ച്ചറല്‍ ആര്‍ക്കിടെക്ചര്‍ – ഇന്ററാക്ടീവ് ആന്റ് എക്‌സ്പീരിയന്‍ഷ്യല്‍ സ്‌പേസസ് വിഭാഗത്തില്‍ സൗദി പവലിയന്‍ ഗോള്‍ഡന്‍ അവാര്‍ഡ് നേടി. ഇത് നവീകരണത്തിന്റെയും വാസ്തുവിദ്യാ രൂപകല്‍പ്പനയുടെയും മാതൃകയാക്കി പവലിയനെ മാറ്റുന്നു. ഒക്ടോബര്‍ പകുതിയോടെ എക്‌സ്‌പോ അവസാനിക്കുന്നതുവരെ സൗദി പവലിയനില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത് തുടരും.
രാജ്യത്തിന്റെ സംസ്‌കാരം, പൈതൃകം, കല എന്നിവ സന്ദര്‍ശകരെ പരിചയപ്പെടുത്താനായി വെല്‍ക്കം ഷോ, വി ആര്‍ സൗദി അറേബ്യ ഷോ, വേള്‍ഡ് ഓഫ് പ്ലാന്റ്‌സ് ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം, കള്‍ച്ചറല്‍ സ്റ്റുഡിയോകളിലെ സംഗീത, കലാ പ്രകടനങ്ങള്‍ എന്നിവ അടക്കം തത്സമയ പ്രകടനങ്ങള്‍, പരമ്പരാഗത ഷോകള്‍ എന്നിവ പവലിയനില്‍ നടക്കുന്നു.
സൗദിയിലെ വികസിത നഗരങ്ങള്‍, സുസ്ഥിര സമുദ്രങ്ങള്‍, പരിധിയില്ലാത്ത മനുഷ്യ സാധ്യതകള്‍, നവീകരണത്തിന്റെ കൊടുമുടി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ഏഴ് മുറികളും ഗാലറികളും ഉള്‍ക്കൊള്ളുന്ന അതിശയകരമായ വാസ്തുവിദ്യയിലൂടെ സന്ദര്‍ശകര്‍ക്ക് ആഴത്തിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്നത് പവലിയന്‍ തുടരുന്നു. സൗദി അറേബ്യയുടെ വളര്‍ന്നുവരുന്ന ആഗോള സ്വാധീനം എല്ലാവര്‍ക്കും അടുത്തറിയാന്‍ ഇത് അവസരമൊരുക്കുന്നു. സൗദി അറേബ്യയുടെ സമ്പന്നമായ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് കൂടുതലറിയാന്‍ എക്‌സ്‌പോ 2025 ഒസാക്ക വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമില്‍ രാജ്യത്തിന്റെ പവലിയന്‍ സന്ദര്‍ശിക്കാനും കഴിയും