ജിദ്ദ- സൗദി അറേബ്യയിൽ പുതുതായി തൊഴിൽ വിസയിലെത്തുന്ന യോഗ്യരായ വിദേശികൾക്ക് തങ്ങളോടൊപ്പം തന്നെ കുടുംബത്തെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുമതി. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികൾക്ക് ആശ്വാസകരമായ ഈ പ്രഖ്യാപനം നടത്തിയത്. വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതുവരെ ഉയർന്ന തസ്തികകളിൽ എത്തുന്നവർക്ക് പോലും ആദ്യമായി രാജ്യത്തേക്ക് വരുമ്പോൾ കുടുംബത്തെ ഒപ്പം കൂട്ടാൻ സാധിച്ചിരുന്നില്ല. സൗദിയിലെത്തി സ്വന്തം പേരിൽ ഇഖാമ ലഭിച്ച ശേഷമേ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ ഇളവ് പ്രകാരം, കുടുംബനാഥന്റെ വിസാ നടപടികൾ നടക്കുമ്പോൾ തന്നെ യോഗ്യരായ കുടുംബാംഗങ്ങൾക്കും എൻട്രി വിസ നേടാനും ഒപ്പം സൗദിയിലേക്ക് വിമാനമിറങ്ങാനും സാധിക്കും. രാജ്യത്തെത്തിയ ശേഷമാകും കുടുംബാംഗങ്ങളുടെ ഇഖാമ നടപടികൾ പൂർത്തിയാക്കുക.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
ആർക്കൊക്കെ ഒപ്പം വരാം: ഭാര്യ/ഭർത്താവ്, 25 വയസ്സിൽ താഴെയുള്ള ആൺമക്കൾ, വിവാഹിതരാകാത്ത പെൺമക്കൾ.
ലക്ഷ്യം: രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ ജീവിതനിലവാരം ഉയർത്തുകയും നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെയ്യുക.
നിയമപരവും ഭരണപരവുമായ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന യോഗ്യരായ തൊഴിലാളികൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.







