ദോഹ– ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേർസ് ഫോറം സംഘടിപ്പിക്കുന്ന ഈ വർഷത്തെ വോളിബോൾ – ത്രോ ബോൾ മത്സരങ്ങൾക്ക് ആസ്പയർ ഡോമിൽ ആരംഭം കുറിച്ചു.
പുരുഷൻമാർക്കുള്ള വോളിബോളിലും വനിതകൾക്കുള്ള ത്രോ ബോളിലും യഥാക്രമം പന്ത്രണ്ടും പത്തും ടീമുകൾ വീതമാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ സ്പോർട്സ് സെൻ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ സമദ് ആണ് വെള്ളിയാഴ്ച വൈകീട്ട് ആസ്പയർ ഡോമിലെ വോളിബോൾ – ജൂഡോ ഹാളിൽ ഉദ്ഘാടനം ചെയ്തത്. ജനറൽ സെക്രട്ടറി സാക്കിർ സ്വാഗതവും പ്രസിഡണ്ട് ആഷിഖ് അഹ്മദ് അധ്യക്ഷതയും സ്പോർട്സ് സെക്രട്ടറി ലബീബ് നന്ദിയും പ്രകാശിപ്പിച്ചു. ഈ എഫ് ബോർഡ് ഓഫ് ഗവർണർ അംഗം അൻവർ സാദത്ത് ആശംസകൾ അർപ്പിച്ചു.
എൻജിനീയറിങ് കോളേജ് അലുംനികൾ തമ്മിൽ നടക്കുന്ന മത്സരങ്ങളിലെ ആദ്യ റൗണ്ട് പൂർത്തിയാക്കിയ വോളിബോൾ വിഭാഗത്തിൽ എം ഈ എസ് കുറ്റിപ്പുറം, എം ഈ എ പെരിന്തൽമണ്ണ , കോഴിക്കോട് ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ്, കൊച്ചിൻ യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ് എന്നിവയുടെ ഖത്തർ അലുംനി ടീമുകൾ സെമി ഫൈനലിൽ കടന്നു.
വനിതാ വിഭാഗത്തിൽ രണ്ട് റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ രണ്ട് വീതം മത്സരങ്ങൾ ജയിച്ച കുറ്റിപ്പുറം എം ഈ എസ് , കൊല്ലം ടി കെ എം എന്നിവരെ കൂടാതെ ഓരോ മത്സരങ്ങൾ ജയിച്ച വയനാട് ഗവണ്മെൻ്റ് കോളേജ്, പാലക്കാട് എൻ എസ് എസ്, കോഴിക്കോട് ഗവണ്മെൻ്റ് കോളേജ്, കോതമംഗലം എം എ കോളേജ്, ചെങ്ങന്നൂർ കോളേജ്, കൊച്ചിൻ യൂണിവേഴ്സിറ്റി എന്നിവയുടെ ഖത്തർ അലുംനികളാണ് സെമി സാധ്യത നിലനിർത്തിയത്.
അടുത്ത വ്യാഴാഴ്ച നടക്കുന്ന അവസാന റൗണ്ട് ലീഗ് മത്സരങ്ങൾ കഴിഞ്ഞാലാണ് സെമി ഫൈനലിസ്റ്റുകളെ കണ്ടെത്തുക. സെപ്റ്റംബർ 26 വെള്ളിയാഴ്ചയാണ് കലാശപ്പോരാട്ടങ്ങൾ നടക്കുക.