അബുദാബി– ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിൽ, ജീവനക്കാരി തനിക്ക് വേതനമായി ലഭിച്ച 1.33 മില്ല്യൺ ദിർഹം തിരികെ നൽകണമെന്ന ലേബർ കോടതി വിധിയെ റദ്ദാക്കി സുപ്രീം കോടതി. 2014 മുതൽ അബുദാബിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇവരെ 2024 ഒക്ടോബറിൽ മുന്നറിയിപ്പ് നൽകാതെ പുറത്താക്കി എന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
പരാതിക്കാരിയായ ജീവനക്കാരി, തന്നെ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പിരിച്ചുവിട്ടതെന്നാണ് കോടതിയിൽ വാദിച്ചത്. ആയതിനാൽ വേതന കുടിശ്ശിക തീർക്കണം, അന്യായമായി പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം നൽകണം, അവധി ശമ്പളം, ഗ്രാറ്റ്യൂറ്റി, നോട്ടീസ് പിരീഡ് തുടങ്ങിയവ എല്ലാം ചേർത്ത് 1.9 മില്ല്യൺ രൂപ നഷ്ടപരിഹാരം ആയി നൽകണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരി 18 മാസം അനുവാദം കൂടാതെ അവധിയിലായിരുന്നെന്നും അവധി ദിവസങ്ങളിൽ കൈപറ്റിയ 1.33 മില്ല്യൺ ദിർഹം തിരികെ നൽകണം എന്ന് കമ്പനി ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരിയും കമ്പനിയും തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ, 2025 മാർച്ചിൽ ലേബർ കോടതി അവധിക്കും, നോട്ടീസ് പിരീഡിനുമായി 103,665 ദിർഹം മാത്രമാണ് നൽകിയത്. കൂടാതെ 1.33 മില്ല്യൺ ദിർഹം കമ്പനിക്ക് തിരിച്ച് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. 2025 ഏപ്രിലിൽ, അപ്പീൽ കോടതിയും ഈ തീരുമാനത്തോട് യോജിച്ചതോടെ പരാതിക്കാരി സുപ്രീം കോടതിയിലേക്ക് കേസുമായി പോകുകയായിരുന്നു.
സുപ്രീം കോടതി, കീഴ് കോടതിയുടെ ഉത്തരവിൽ പ്രശ്നങ്ങൾ ഉള്ളതായി സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസ് പുനർവിചാരണക്ക് വിധേയമാക്കിയത്. വിദേശത്ത് ഒരു രോഗിയെ സഹായിക്കുന്നതിനായി മെഡിക്കൽ ലീവിലാണെന്ന് തെളിയിക്കാൻ പരാതിക്കാരി ആരോഗ്യ വകുപ്പിൽ നിന്നുള്ള ഔദ്യോഗിക രേഖകൾ നൽകിയിരുന്നതായി സുപ്രീം കോടതി കണ്ടെത്തി. കമ്പനി പരാതിക്കാരിയുടെ അവധിയിൽ മതിയായ അന്വേഷണം നടത്തിയില്ലെന്നും പരാതിക്കാരി അവധിയെടുക്കുന്നത് അറിയിച്ചിട്ടും കമ്പനി വേതനം നൽകുന്നത് തുടർന്നതാണെന്നും പരാതിക്കാരി സദുദ്ദേശത്തോടെയാണ് പെരുമാറിയത് എന്ന് കോടതി കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് സുപ്രീം കോടതി കീഴ്കോടതി ഉത്തരവായ, പരാതിക്കാരി 1.33 മില്ല്യൺ കമ്പനിക്ക് തിരികെ നൽകണം എന്ന ഉത്തരവ് പിൻവലിക്കുകയും കമ്പനിയുടെ വാദങ്ങൾ നിലനിൽക്കുന്നതല്ല എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ കീഴ്കോടതി അനുവദിച്ച് നൽകിയ 103,665 ദിർഹം പരാതിക്കാരിക്ക് ലഭിക്കുകയും ചെയ്യും. പരാതിക്കാരിക്ക് വക്കീൽ ഫീസ് ആയി 1000ദിർഹം നൽകാനും അപ്പീലിനായി നൽകിയ തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടു.