ഷാർജ– ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിൽ കഥാകാരന്മാരുടെ സംഗമത്തിൽ പങ്കെടുത്ത യുഎഇ സ്വദേശി സഈദ് മുസ്ബ അൽ കെത്ബിയുടെ കഥ കേട്ട് സദസ്സിലുള്ളവരൊന്ന് അമ്പരന്നു. സാധാരണ മനുഷ്യരെ അമ്പരപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായാണ് സാംസ്കാരിക ഗവേഷകനായ സഈദ് മുസ്ബ അൽ കെത്ബി ശ്രദ്ധാകേന്ദ്രമായത്.
തനിക്ക് നാല് ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ടെന്ന് അദ്ദേഹം സംഗമത്തിൽ വെളിപ്പെടുത്തി. ഈ അസാധാരണ ജീവിതകഥ കേട്ട് സദസ്സ് ഒന്നടങ്കം അൽഭുതപ്പെട്ടു.
തങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളിലും ‘അൽ സനാ’ എന്നറിയപ്പെടുന്ന യുഎഇയുടെ പരമ്പരാഗത മൂല്യങ്ങളും ആചാരങ്ങളും വളർത്തുന്നതിലാണ് താൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബഹുമാനം, കുടുംബത്തോടുള്ള ഉത്തരവാദിത്തം, പൂർവ്വികരുടെ പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് എന്റെ കുട്ടികളെ പഠിപ്പിക്കുന്നത് ഞാൻ ഇന്നും ഉറപ്പുവരുത്തുന്നു’ അദ്ദേഹം പറഞ്ഞു.
അൽ കെത്ബിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്.
അൽ കെത്ബിയുടെ വിഡിയോ 70,000-ൽ അധികം ആളുകളാണ് കണ്ടത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെയും സാംസ്കാരിക പൈതൃകത്തെയും സംരക്ഷിക്കാൻ അദ്ദേഹം കാണിക്കുന്ന സമർപ്പണം പലരെയും ആകർഷിച്ചു. മുതിർന്നവരോടും സ്ത്രീകളോടുമുള്ള ബഹുമാനം, അതിഥികളെ സൽക്കരിക്കാനുള്ള മനസ്സ്, വിനയം, സത്യസന്ധത, കുടുംബത്തോടും സമൂഹത്തോടുമുള്ള വിശ്വസ്തത എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ‘അൽ സനാ’ എന്ന സാംസ്കാരിക മൂല്യം.
ഈ വർഷം നടക്കുന്ന 25-ാമത് ഷാർജ രാജ്യാന്തര കഥാകാരൻമാരുടെ സംഗമം ‘യാത്രികരുടെ കഥകൾ’ എന്ന വിഷയത്തിലാണ് സംഘടിപ്പിച്ചത്. 37 രാജ്യങ്ങളിൽ നിന്നുള്ള 120-ലേറെ കഥാകാരൻമാർ ഈ പരിപാടിയിൽ പങ്കെടുക്കും. തത്സമയ അവതരണങ്ങൾ, പ്രദർശനങ്ങൾ, ശിൽപശാലകൾ, അക്കാദമിക് ചർച്ചകൾ എന്നിവയും സംഗമത്തിൽ ഉൾപ്പെടുന്നു