ഉമ്മുൽ ഖുവൈൻ– ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ 54-ാമത് യു.എ.ഇ ദേശീയ ദിനാഘോഷം ‘ഇമാറാത്തോത്സവ് സീസൺ-3’ സംഘടിപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ്റെ ശൈഖ് സുഊദ് ബിൻ റാശിദ് അൽ മുഅല്ല ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിൽ നാലായിരത്തിൽ പരം ആളുകൾ പങ്കെടുത്തു. ഡിസംബർ ഒന്നിന് നടന്ന ആഘോഷ പരിപാടികളിൽ ശൈഖ് സുഊദ് ബിൻനാസിർ അൽ മുഅല്ല മുഖ്യാതിഥിയായി.
ഉമ്മുൽ ഖുവൈൻ ആശുപത്രി (ഇ.എച്ച്.എസ്) ഡയറക്ടർ ഡോ. അസ്മസെയ്ഫ് ബൂസൈബ, ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ പബിത്രകുമാർ മജുംദാർ, ഡെപ്യൂട്ടി പൊലീസ് ചീഫ് കമാൻഡർ ബ്രിഗേഡിയർ അജീൽ മതാർ എന്നിവർ പങ്കെടുത്തു. കൂടാതെ കമ്യൂണിറ്റി പൊലീസ്, സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി, ലേബർ, ആഭ്യന്തര മന്ത്രാലയം, ചേംബർ ഓഫ് കോമേഴ്സ്, ഇക്കണോമിക് തുടങ്ങിയ വിവിധ വകുപ്പ് മേധാവികളുടെയും കമ്യൂണിറ്റി പ്രതിനിധികളുടെയും സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായി.
മുഖ്യാതിഥിയും അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടികയും ചേർന്ന് 54 കിലോ വരുന്ന കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
യു.എ.ഇയിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ അബ്ദുൽ നാസിർ സൈനുദ്ദീന് ഹോണററി മെംബർഷിപ് നൽകി ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷനായ ചടങ്ങിൽ ആക്ടിങ് സെക്രട്ടറി റാഷിദ് പൊന്നാണ്ടി സ്വാഗതവും ജനറൽ കൺവീനർ സി.കെ. നസീർ നനന്ദിയും പറഞ്ഞു.
തുടർന്ന് അറബി പാരമ്പര്യ നൃത്തവും പ്രമുഖ പിന്നണി ഗായകൻ വിധു പ്രതാപും സിനി ആർട്ടിസ്റ്റ് രമ്യാ നമ്പീശനും നയിച്ച ‘ഇമാറാത്തോത്സവ്’സംഗീത നിശയും അരങ്ങേറി.



