കുവൈറ്റ് സിറ്റി– കുവൈത്തിലെ പ്രമുഖ ആശുപത്രിയിൽ രോഗിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗത്തിലെ ഈജിപ്ഷ്യൻ സ്വദേശിയാണ് പ്രതി. കുവൈത്ത് ക്രിമിനൽ കോടതിയാണ് ഇയാൾക്കെതിരെ ഏഴു വർഷത്തെ കഠിന തടവിനും ശിക്ഷ കഴിഞ്ഞ് നാടുകടത്താനും വിധിച്ചത്. ജഡ്ജി അൽ-ദുവൈഹി മുബാറക് അൽ-ദുവൈഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിധി പ്രസ്താവന നടത്തിയത്.
ശസ്ത്രക്രിയക്കായി മയക്കി കിടത്തിയിരുന്ന വനിതാ രോഗിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഡോക്ടർ ശിക്ഷിക്കപ്പെട്ടത്. രോഗിയുടെ പരാതി, സാക്ഷിമൊഴികൾ, ക്രിമിനൽ അന്വേഷണ ഫലങ്ങൾ, പ്രതിയുടെ സ്വന്തം കുറ്റസമ്മതം എന്നിവയുൾപ്പെടെ ഒന്നിലധികം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.
കേസിന്റെ വിശദാംശങ്ങൾ പ്രകാരം, ഓപ്പറേഷൻ തിയേറ്ററിൽ രോഗിയുടെ അവസ്ഥ മുതലെടുത്ത് ഡോക്ടർ ഇരയെ പീഡിപ്പിച്ചു. രോഗി ആശുപത്രി വിട്ടതിന് ശേഷവും ഡോക്ടർ സ്ത്രീയെ ഫോണിൽ ബന്ധപ്പെട്ട് ശല്ല്യപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. തന്റെ തൊഴിൽ മേഖല ദുരുപയോഗം ചെയ്ത് അനാശാസ്യ പ്രവൃത്തി നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.