റിയാദ് – എണ്ണക്കു ശേഷം സൗദി സമ്പദ്വ്യവസ്ഥയുടെ രണ്ടാമത്തെ വലിയ ചാലകശക്തിയായി വിനോദസഞ്ചാര വ്യവസായത്തെ മാറ്റാന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖത്തീബ് പറഞ്ഞു. റിയാദില്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോണ്‍ഫറന്‍സ് (മൊമെന്റം) 2025 ല്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖല ആഗോളതലത്തില്‍ മൂന്നു ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും സൗദിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
2016 ല്‍ വിഷന്‍ 2030 ആരംഭിച്ച സമയത്ത് ജി.ഡി.പിയിലേക്കുള്ള ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് ഇത് അഞ്ചു ശതമാനമായി ഉയര്‍ന്നു. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖല 14 ശതമാനം സംഭാവന ചെയ്യുന്ന ഫ്രാന്‍സും 13 ശതമാനം സംഭാവന ചെയ്യുന്ന സ്പെയിനും പോലുള്ള രാജ്യങ്ങള്‍ക്ക് സമാനമായി ജി.ഡി.പിയില്‍ ടൂറിസം മേഖലയുടെ സംഭാവന 13 ശതമാനം മുതല്‍ 15 വരെയായി ഉയര്‍ത്തുക എന്നതാണ് അഭിലാഷം. ഇതോടെ എണ്ണ, വാതക മേഖലക്ക് ശേഷം സമ്പദ്വ്യവസ്ഥയുടെ രണ്ടാമത്തെ വലിയ ചാലകശക്തിയായി ടൂറിസം മേഖല മാറും.
വിഷന്‍ 2030 ന്റെ പ്രധാന അടിസ്ഥാനശിലകളില്‍ ഒന്നായ ടൂറിസം മേഖലയെ സേവിക്കാനാണ് സൗദി ടൂറിസം ഫണ്ട് സ്ഥാപിച്ചത്. സൗദിയിലെ ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സികളില്‍ 80 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. സമീപ വര്‍ഷങ്ങളില്‍ 10,000 ലേറെ സ്ഥാപനങ്ങള്‍ സൗദി ടൂറിസം ഫണ്ട് പ്രോഗ്രാമുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യുവതീയുവാക്കള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക, സാമൂഹിക വികസനത്തെ പിന്തുണക്കാനും ഇത് സഹായിച്ചു.
റോഡുകള്‍, വൈദ്യുതി, വിമാനത്താവളങ്ങള്‍ തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വകാര്യ മേഖല ടൂറിസം അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കൂടുതല്‍ ചായ്വ് കാണിക്കുന്നുണ്ട്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ദിരിയയില്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ട ദിരിയ ഗേറ്റ് പദ്ധതി, വിമാനത്താവളം, റോഡുകള്‍, അവശ്യ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ റെഡ് സീ പദ്ധതി തുടങ്ങിയ പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്. ലോകോത്തര റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും സ്വകാര്യ മേഖലക്ക് സര്‍ക്കാര്‍ വഴിയൊരുക്കി.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് 90 ശതമാനത്തില്‍ നിന്ന് 55 ശതമാനത്തില്‍ താഴെയാക്കി കുറച്ചുകൊണ്ട് രാജ്യം സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നത് തുടരുകയാണ്. സുസ്ഥിര വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ ആഗോള സ്ഥാനത്തെ പിന്തുണക്കാനും കഴിവുള്ള ഏറ്റവും പ്രധാനപ്പെട്ട മേഖലകളില്‍ ഒന്നായി ടൂറിസം തുടരുമെന്ന് അഹ്‌മദ് അല്‍ഖത്തീബ് പറഞ്ഞു.
ശുദ്ധജലം, ആശുപത്രികള്‍, സ്‌കൂളുകള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുള്‍പ്പെടെ സുപ്രധാന പദ്ധതികള്‍ ആവശ്യമുള്ള 100 ലേറെ രാജ്യങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ സൗദി ഡെവലപ്മെന്റ് ഫണ്ട് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, ഇസ്‌ലാമിക് ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യന്‍, ഫ്രഞ്ച് വികസന ഏജന്‍സികള്‍ തുടങ്ങിയ ആഗോള ധനസഹായ ഏജന്‍സികളുമായി സഹകരിച്ച് അന്താരാഷ്ട്ര വികസനത്തെ പിന്തുണക്കുന്നതില്‍ സ്വാധീനം ഗണ്യമായി വര്‍ധിപ്പിച്ച് 800 ലേറെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സൗദി ഡെവലപ്മെന്റ് ഫണ്ട് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.



