ദോഹ– ആഗോളതലത്തില്‍ പ്രൊഫഷണല്‍- കോര്‍പ്പറേറ്റ് ട്രെയിനിംഗ് രംഗത്തെ മുന്‍നിര സ്ഥാപനമായ എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്താരാഷ്ട്ര കേന്ദ്രം ഇനി ഖത്തറിലും. ദോഹ ആസ്ഥാനമായി പ്രവര്‍ത്തനസജ്ജമായ ‘എഡോക്‌സി ട്രെയിനിംഗ് സെന്ററി’ന്റെ ഉദ്ഘാടനം 2025 ജൂലൈ 19ന് നടക്കുമെന്ന് സ്ഥാപനമേധാവികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 5:00 മണിക്ക് ദോഹയിലെ 343 അല്‍സദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊളിവാര്‍ഡിലെ ഓഫീസ് 502വിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഈ വര്‍ഷം അവസാനത്തോടെ റിയാദിലും തുടര്‍ന്ന് കുവൈറ്റിലും പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി
2018ല്‍ ദുബായില്‍ സ്ഥാപിതമായ എഡോക്‌സി, മൈക്രോസോഫ്റ്റ് ഓഫീസ്, കേഡ് (സിഎഡി- സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിംഗ്) എന്നിവയില്‍ ബി2സി (ബിസിനസ് ടു കസ്റ്റമര്‍) ട്രെയിനിംഗ് പ്രോഗ്രാമുകളുമായാണ് തുടക്കം കുറിക്കുന്നത്. പിന്നീട്, 22ഓളം സവിശേഷ മേഖലകളിലായി 400ലധികം കരിയര്‍ വികസന കോഴ്‌സുകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സയന്‍സ്, ഇആര്‍പി (എന്റര്‍പ്രൈസ് റിസോര്‍സ് പ്ലാനിങ്), കേഡ് ഡിസൈന്‍, ഓയില്‍ & ഗ്യാസ്, ഹ്യൂമന്‍ റിസോഴ്‌സസ്, സോഫ്റ്റ് സ്‌കില്‍സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിനകം 17 രാജ്യങ്ങളിലായി 300ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി തയാര്‍ ചെയ്ത തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ ഇന്‍സ്‌റിറ്റിയൂട്ട് നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍, പ്രതിരോധം, ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ കമ്പനികള്‍.
2024ല്‍ ലണ്ടന്‍ ആസ്ഥാനമായി എഡോക്സി പുതിയ അന്താരാഷ്ട്ര ട്രെയിനിംഗ് ഇന്‍സ്‌റിറ്റിയൂട്ട് തുറന്നു. ഇതിനു ശേഷം, മൂന്നാമത്തെ അന്താരാഷ്ട്ര കേന്ദ്രമാണ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.ശൈഖ് നാസര്‍ അബ്ദുല്ല ഖാലിദ് ഹമദ് ആല്‍താനിയാണ് ദോഹ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഖത്തറിലെ വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, സാമൂഹിക നേതാക്കള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. എഡോക്‌സി സിഇഒ ശറഫുദ്ദീന്‍ മംഗലാട്, മുഹമ്മദ് ഫാസില്‍ (ബിസിനസ് ഹെഡ്), അഭിലാഷ് ആത്രേയ (സെന്റര്‍ മാനേജര്‍, എഡോക്‌സി ഖത്തര്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.