ദുബൈ– കൗതുകക്കാഴ്ചകളും കൈനിറയെ സമ്മാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 31-ാം പതിപ്പിന് തുടക്കം.ലോകോത്തര ഷോപ്പിങ്, വിനോദ അനുഭവങ്ങളുമായി അടുത്ത മാസം 11 വരെ ഡിഎസ്എഫ് നീണ്ടുനിൽക്കും. ദുബൈ സാമ്പത്തിക, വിനോദസഞ്ചാരവകുപ്പിന്റെ ഭാഗമായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് (ഡിഎഫ്ആർഇ) ശൈത്യകാല ഉത്സവത്തിന് നേതൃത്വംനൽകുന്നത്.
1000-ലേറെ പ്രമുഖ ബ്രാൻഡുകളിലും 3500-ലേറെ സ്റ്റോറുകളിലും 75 ശതമാനം വരെ വിലക്കിഴിവാണ് വ്യാപാരോത്സവം വാഗ്ദാനം ചെയ്യുന്നത്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒരു നിസാൻ കാറും ഒരു ലക്ഷം ദിർഹവും സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
തസ്ജീൽ കേന്ദ്രങ്ങൾ, ഇനോക് സ്റ്റേഷനുകൾ, സൂം സ്റ്റോറുകൾ, ഓട്ടോപ്രോ സേവന ഔട്ട്‌ലെറ്റുകൾ, ഗ്ലോബൽ വില്ലേജ്, തിരഞ്ഞെടുത്ത കിയസ്‌ക്കുകൾ എന്നിവിടങ്ങളിൽ നിന്നും100 ദിർഹത്തിന് നറുക്കെടുപ്പ് ടിക്കറ്റുകൾ വാങ്ങാം. സമാപനദിനം ഒരു ഭാഗ്യശാലിക്ക് നാല് ലക്ഷം ദിർഹവും സമ്മാനമായി നേടാം. കരിമരുന്നും ഡ്രോൺ പ്രദർശനങ്ങളും ആകാശ വിസ്മയങ്ങളൊരുക്കും. ബ്ലൂവാട്ടേഴ്‌സ്, ജെബിആറിലെ ദ ബീച്ച് എന്നിവിടങ്ങളിൽ അടുത്തമാസം 11 വരെ രാത്രി എട്ടിനും പത്തിനുമിടയിൽ പ്രദർശനങ്ങൾ ആസ്വദിക്കാം.
ദുബൈ, സ്വപ്നങ്ങളുടെ നഗരം, ആഘോഷങ്ങൾ എന്ന പ്രമേയങ്ങളിലാണ് ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിക്കുക. 1000-ലേറെ അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ചാണ് ആകാശവിസ്മയങ്ങൾ ഒരുക്കുക. എമിറേറ്റിന്റെ പ്രധാന ആകർഷണമായ ഐൻ ദുബൈയിയും ആഘോഷങ്ങൾക്ക് വേദിയൊരുക്കും. വിനോദവും ഷോപ്പിങ്ങും സമന്വയിക്കുന്ന എമിറേറ്റിന്റെ പ്രധാന വാർഷിക ആഘോഷമാണ് ഡിഎസ്എഫ്. ഈ മാസം 13-ന് ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ ഫെസ്റ്റിവൽ ബേ നൈറ്റ്സിന്റെ രണ്ടാംപതിപ്പ് തുടങ്ങും.
ഡിഎസ്എഫിനോട് അനുബന്ധിച്ച് ഹത്തയിലും പ്രത്യേകപരിപാടികൾ ആരംഭിച്ചിട്ടുണ്ട്. 100-ലേറെ ആഗോള ബ്രാൻഡുകളെ പ്രതിനിധീകരിച്ച് ഏകദേശം 5000 കാറുകൾ അണിനിരക്കുന്ന ഓട്ടോ സീസൺ ജനുവരിയിൽ നടക്കും. ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാന നറുക്കെടുപ്പുകളിലൊന്നായ ബിഗ് ബൗൺസ് ദുബൈ, ലോകത്തിലെ ഏറ്റവും വലിയ ബൗൺസ് ഹൗസായ ദ ബിഗ് കാസിൽ എന്നിവയും ഡിഎസ്എഫിന്റെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
പുതുവർഷദിനത്തിൽ ബ്ലൂവാട്ടേഴ്‌സ്, ജെബിആർ, ഹത്ത, അൽ സീഫ് എന്നിവിടങ്ങളിൽ വെടിക്കെട്ടുകൾ ആസ്വദിക്കാം. ഡിഎസ്എഫ് ലക്കി റെസീപ്റ്റ്, 12 മണിക്കൂർ ഫ്ലാഷ് സെയിൽസ് സിറ്റി വൈഡ് മാർക്ക്ഡൗൺസ്, സ്കാൻ ആൻഡ് വിൻ, ഡെയ്‌ലി സർപ്രൈസസ് എന്നിങ്ങനെ അഞ്ച് പ്രധാന ഷോപ്പിങ് പ്രചാരണങ്ങളും ഡിഎസ് എഫിന്റെ ഭാഗമായി നടത്തും.വൈവിധ്യമാർന്ന ഭക്ഷ്യരുചികൾ, കരകൗശല വിപണികൾ, ബീച്ച് സൈഡ് നൈറ്റ് മാർക്കറ്റുകൾ, പോപ്പ്-അപ്പ് കഫേകൾ എന്നിവയും ആകർഷണങ്ങളിൽ ഉൾപ്പെടുന്നുണ്ട്.



