ദുബൈ– പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് വേറിട്ട സമ്മാനം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസ്സൻസ് ഫ്രം ലൈഫ്: പാർട്ട് ഒന്ന്’ എന്ന പുസ്തകമാണ് അദ്ദേഹം യൂസഫലിക്ക് സമ്മാനിച്ചത്. ദുബൈ ഭരണാധികാരിയുടെ ഒപ്പ് പതിഞ്ഞ പുസ്തകം കൈപ്പറ്റിയതിന്‍റെ സന്തോഷം യൂസഫലി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.


ആദരണീയനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ലെസ്സൻസ് ഫ്രം ലൈഫ്: പാർട്ട് ഒന്ന്’ൻ്റെ കൈയ്യൊപ്പോടു കൂടിയ പകർപ്പ് അയച്ചുതന്നതിൽ ഞാൻ അത്യധികം നന്ദിയുള്ളവനാണ്. വലിയ ജ്ഞാനവും അറിവും ദീർഘവീക്ഷണവുമുള്ള നേതാവ് എന്ന നിലയിൽ, അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിന്ന് ഇപ്പോഴത്തെ തലമുറയ്ക്കും ഭാവി തലമുറയ്ക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം സ്വീകരിക്കാൻ എന്നെ പരിഗണിച്ചതിൽ ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു’- യൂസഫലി കുറിച്ചു. ഓരോ വരിയും വായിക്കുമ്പോൾ അത് വെറും പുസ്തകത്താളുകളല്ല, മറിച്ച് ദുബൈയിയുടെ ചരിത്രത്തിലേക്ക് തുറക്കുന്ന വാതിലുകളാണെന്ന് യൂസഫലി കൂട്ടിച്ചേർത്തു. ശൈഖ് മുഹമ്മദ് സ്വന്തം കൈപ്പട കൊണ്ടെഴുതിയ സന്ദേശമുള്ള പേജും പുസ്തകത്തിന്റെ പുറംചട്ടയും പങ്കുവച്ചുകൊണ്ടാണ് യൂസഫലിയുടെ കുറിപ്പ്. ദുബൈയിയുടെ വളർച്ചയ്ക്ക് പിന്നിലെ ഊർജവും ഒരു ഭരണാധികാരിയുടെ ചിന്തകളും അനുഭവങ്ങളുമാണ് ‘ലെസ്സൻസ് ഫ്രം ലൈഫ്: പാർട്ട് ഒന്ന്’ എന്ന പുസ്തകത്തിലുള്ളത്.



