ദുബൈ– ബസുകൾക്കും ടാക്സികൾക്കും അടിയന്തര വാഹനങ്ങൾക്കും പ്രത്യേക പാത ഏർപ്പെടുത്തി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). മറ്റു വാഹനങ്ങൾ ബസ് സോണുകളിൽ പാർക്ക് ചെയ്യുന്നതും പ്രത്യേക ബസ് പാതകൾ ഉപയോഗിക്കുന്നതും കനത്ത പിഴ ചുമത്തുന്നതിന് കാരണമാകും.
പൊതു ബസുകൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കണമെന്ന് ആർടിഎ ഡ്രൈവർമാരോട് നിർദ്ദേശിച്ചു. ഇത് ബസ് ഗതാഗതം തടസ്സപ്പെടാനും 200 ദിർഹം വരെ പിഴ ചുമത്തുന്നതിനും കാരണമാകുമെന്ന് ആർടിഎ അറിയിച്ചു. ബസുകൾക്ക് മാത്രമായുള്ള പ്രത്യേക പാത ഉപയോഗിക്കുന്ന ഏത് സ്വകാര്യ വാഹനത്തിനും 600 ദിർഹം വരെ പിഴ ചുമത്തുമെന്നും ആർടിഎ വ്യക്തമാക്കി. മധ്യത്തിൽ ചുവന്ന സ്ട്രിപ്പ് വരുന്ന “ബസ് മാത്രം” എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന പാതകളാണ് ബസുകൾക്കായി പ്രത്യേകം ഏർപ്പെടുത്തിയിരിക്കുന്ന പാതകൾ.
പൊതുഗതാഗത ഉപയോക്താക്കൾക്ക് യാത്രാ സമയം കുറക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിനു പിന്നിലെ ലക്ഷ്യം. ബസുകൾക്കും ടാക്സികൾക്കും ഈ പാതകൾ ഉപയോഗിക്കാം. ബസുകൾക്കും ടാക്സികൾക്കും പുറമേ പോലീസ് കാറുകൾ, സിവിൽ ഡിഫൻസ് ട്രക്കുകൾ, ആംബുലൻസുകൾ തുടങ്ങിയ അടിയന്തര വാഹനങ്ങൾക്കും ഈ പാതകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.