ദുബൈ– ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുഎഇ പൗരന് അഹ്മദ് അല്‍മര്‍സൂഖിക്ക് നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുകിട്ടി. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ദുബൈ സ്വദേശിയായ അഹ്മദ് അല്‍മര്‍സൂഖി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്റെ കാറായ 2021 മോഡല്‍ ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ 90,000 ദിര്‍ഹത്തിന് വില്പനക്ക് എന്ന പോസ്റ്റ് ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം.
പോസ്റ്റിട്ട് രണ്ടു ദിവസങ്ങൾക്ക് ശേഷം ഒരു സ്ത്രീ ഇദ്ദേഹത്തെ ബന്ധപ്പെടുകയും കാർ വാങ്ങാമെന്നും പറഞ്ഞു. മകന് സര്‍പ്രൈസായി കാർ സമ്മാനമായി നൽകാനാണ് എന്നായിരുന്നു ഇവർ അഹ്മദിനോട് പറഞ്ഞത്. ശേഷം ഇവർ വിശ്വാസം നേടാനായി തന്റെ എമിറേറ്റ്സ് ഐ.ഡിയുടെ കോപ്പി അയക്കുകയും കാറിന്റെ വിവരങ്ങൾ അറിയാനായി രജിസ്‌ട്രേഷന്‍ നമ്പറും ആവശ്യപ്പെട്ടു.
തുടർന്ന് തട്ടിപ്പുകാരി പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും തെളിവിനായി രസീതും അയച്ചു കൊടുത്തു. ശേഷം കാറുടമയായ അഹ്മദ് അല്‍മര്‍സൂഖി ഉടമസ്ഥാവകാശം മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആര്‍.ടി.എ ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ അവരുടെ നിർദ്ദേശപ്രകാരം വാങ്ങുന്നയാൾ നേരിട്ട് ഹാജരാകണമെന്നായിരുന്നു. എങ്കിലും ഈ ഉദ്യോഗസ്ഥരെയും കബളിപ്പിച്ച തട്ടിപ്പുകാരി യുടെ നിർദ്ദേശപ്രകാരം റിക്കവറി വാൻ മുഖേന കാർ ഷാർജയിലേക്ക് അയച്ചു. ഇതിനിടെ നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്തു കൈവശാവകാശ സർട്ടിഫിക്കറ്റും നൽകിയിരുന്നു.
അക്കൗണ്ടിലേക്ക് ഇതുവരെ പണം എത്തിയിട്ടില്ല എന്ന് പിന്നീടാണ് അഹ്മദിന് മനസ്സിലായത്.
ഇതോടെ വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കിയ ഇദ്ദേഹം ഇവരെ നിരന്തരം ഫോണില്‍ ബന്ധപെടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ മുതല്‍ റിക്കവറി വാന്‍ നമ്പര്‍, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വരെയുള്ള എല്ലാ വിവരങ്ങളും അവർ വിവരങ്ങൾ അവർക്ക് കൈമാറുകയും ചെയ്തു.
അന്വേഷണം ഏറ്റെടുത്ത പോലീസ് വെറും 24 മണിക്കൂറിനുള്ളിൽ കാർ കണ്ടെത്തി. റാഷിദ് തുറമുഖത്തേക്കുള്ള വഴിയിയിലെ ഷാർജയിലായിരുന്നു കാർ ഉണ്ടായിരുന്നത്. തുറമുഖം വഴി കാർ വിദേശത്തേക്ക് കടത്താനായിരുന്നു തട്ടിപ്പാരുടെ ശ്രമം. എങ്കിലും ഇന്റർപോളുമായി സഹകരിച്ച് ഇവരെ അറസ്റ്റ് ചെയ്തു. ഒരു വംശജനും, രണ്ടു ഏഷ്യക്കാരുമടക്കം മൂന്നുപേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
ഈ സംഭവം തന്നെ വളരെ ഞെട്ടിച്ചെന്നും, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വരുന്ന പണം ഇടപാടുകളെ ബന്ധപ്പെട്ട വിവരങ്ങൾക്ക് ഒരിക്കലും വിശ്വസിക്കരുതെന്നും , പകരം നേരിട്ട് ഇടപാടുകൾ നടത്തണമെന്നും അഹ്മദ് എല്ലാവരോടും ആവശ്യപ്പെട്ടു. ഈ സംഭവത്തിനു ശേഷം തന്റെ കാറില്‍ ജി.പി.എസ് ട്രാക്കര്‍ സ്ഥാപിച്ചതായും അഹ്മദ് അല്‍മര്‍സൂഖി പറഞ്ഞു.



