ദുബൈ – വീണുകിട്ടിയ, പഴ്‌സ് തിരികെ നല്‍കി മാതൃകയായ ദുബായ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഈസ അബ്ബാസ് മുഹമ്മദ് അബ്ദുല്ലയെ ദുബൈ പോലീസ് ആദരിച്ചു.
പണവും രണ്ടു ലക്ഷം ദിര്‍ഹത്തിന്റെ ചെക്കും അടങ്ങിയ പഴ്സാണ് വിദ്യാര്‍ഥി ഉടമക്ക് തിരികെ നല്‍കി മാതൃകയായത്.
അല്‍ഖുസൈസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മുന്നില്‍ വെച്ച് ഈസ അബ്ബാസിന്റെ സത്യസന്ധതയെ ആദരിക്കുകയായിരുന്നു. അല്‍ഖുസൈസ് പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹ്മദ് അല്‍ഹാശിമി, ലെഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്‍ അസീസ് അല്‍ ഖാജ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥിക്ക് പ്രശംസാപത്രവും ഉപാഹരവും സമ്മാനിച്ചു.
പഴ്‌സ് ലഭിച്ച ഉടനെ പോലീസിനെ ബന്ധപ്പെട്ട ഈസ അബ്ബാസ് ഉടമക്ക് തിരികെ ലഭിച്ചു എന്നും ഉറപ്പാക്കിയിരുന്നു. വിദ്യാർത്ഥിയുടെ ഈ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും ശക്തമായ ഉദാഹരണമാണെന്ന് ലെഫ്റ്റനന്റ് കേണല്‍ അഹ്മദ് അല്‍ഹാശിമി പറഞ്ഞു.
ഈ നിമിഷം താൻ ഏറെ അഭിമാനിക്കുന്നുണ്ടെന്നും മറക്കാനാവാത്ത നിമിഷമാണെന്നും ഈസ അബ്ബാസ് അറിയിച്ചു.