ദുബൈ – ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബൈ മിറാക്കിൾ ഗാർഡൻ 14 മത് പതിപ്പിന് 29-ന് തുടക്കമാവും. കൂടുതൽ ആകർഷണങ്ങൾ ഒരുക്കിക്കൊണ്ടാണ് പുതിയ പതിപ്പ് ആരംഭിക്കുന്നത്. ആശ്ചര്യവും സന്തോഷവും സമ്മാനിക്കുന്ന ലോകത്തേക്ക് കൊണ്ടുപോകുന്ന പുഷ്പപ്രകൃതിദൃശ്യങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പ് ആരംഭിക്കുന്നത്.
അൽഭുതങ്ങളുടെ ലോകത്തേക്കാണ് പതിവുപോലെ ഇത്തവണയും മിറാക്കിൾ ഗാർഡൻ വാതിലുകൾ തുറക്കുകയെന്ന് ഗാർഡൻ ഗ്രൂപ്പ് സിഇഒ എൻജിനിയർ മുഹമ്മദ് സഹർ ഹമ്മദിഹ് പറഞ്ഞു.
നൂറിലേറെ വിഭാഗങ്ങളിലായി 15 കോടിയിലേറെ പൂക്കളാണ് ദുബൈ അൽബർഷ സൗത്ത് മൂന്നിൽ സ്ഥിതിചെയ്യുന്ന മിറാക്കിൾ ഗാർഡനിലുള്ളത്.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ രാവിലെ ഒൻപതുമുതൽ രാത്രി 12 വരെയുമാണ് ഗാർഡൻ ആസ്വദിക്കാനുള്ള അവസരം.മിറാക്കിൾ ഗാർഡൻ പ്രവേശന ടിക്കറ്റുകൾ ഓൺലൈനിലൂടെ ലഭ്യമാകും. യുഎഇയിൽ താമസിക്കുന്നവർക്ക് മിറാക്കിൾ ഗാർഡൻ പ്രവേശന ടിക്കറ്റുകൾക്ക് പ്രത്യേക കിഴിവും ലഭിക്കും.